ബെംഗളൂരു; നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച് കോണ്‍ഗ്രസ്.സ്വതന്ത്ര എം എല്‍ എ എച്ച് നാഗേഷും മുന്‍ ജെഡി(എസ്) നിയമസഭാംഗം വൈ എസ് വി ദത്തയുമാണ് ശനിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ മന്ത്രിയായ നാഗേഷ് അടുത്തിടെ വരെ ഭരണകക്ഷിയായ ബി ജെ പിയെ പിന്തുണച്ചിരുന്നു. നേരത്തെ ജെഡി (എസ്) മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ അടുത്ത അനുയായിയായിരുന്നു ദത്ത.
ബെംഗളൂരുവിലെ കെ പി സി സി ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെയും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെയും മറ്റ് നേതാക്കളുടേയും സാന്നിധ്യത്തിലാണ് ദത്തയും നാഗേഷും അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുള്‍ബഗല്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നാഗേഷ്, കോണ്‍ഗ്രസ്-ജെഡി(എസ്) സഖ്യസര്‍ക്കാരിനെ പിന്തുണയ്ക്കുകയും 2018ല്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ചെറുകിട വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
ചില കോണ്‍ഗ്രസ്, ജെ ഡി(എസ്) എം എല്‍എ മാരുടെ രാജിയും കൂറുമാറ്റവും, ഒടുവില്‍ സഖ്യസര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചപ്പോള്‍, നാഗേഷും പിന്തുണ പിന്‍വലിക്കുകയും ബി ജെ പി സര്‍ക്കാറിനെ പിന്തുണയ്ക്കുമായിരുന്നു. പിന്നീട് ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരില്‍ എക്സൈസ് മന്ത്രിയായി, എന്നാല്‍ 2021 ജനുവരിയില്‍ അദ്ദേഹത്തെ ഒഴിവാക്കി. ബി ആര് അംബേദ്കര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്മാന് സ്ഥാനത്ത് നിന്നും ബി ജെ പി തഴഞ്ഞതോടെ നാഗേഷ് ബി ജെ പിയോട് അകലുകയായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ മുള്‍ബഗല്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റാണ് നാഗേഷ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞ അദ്ദേഹം, മഹാദേവപുര മണ്ഡലത്തിലെ അനുയായികളും തന്നോട് അവിടെ നിന്ന് മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും അത് ഹൈക്കമാന്‍ഡിന് തീരുമാനിക്കാന്‍ വിടുമെന്നും പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനുകൂലമായി എസ്സി, എസ്ടി വിഭാഗങ്ങളുടെ പിന്തുണ സമാഹരിക്കുമെന്നും നാഗേഷ് അവകാശപ്പെട്ടു. മുതിര്‍ന്ന ജെഡി(എസ്) നേതാവും ദേവഗൗഡയുമായി അടുപ്പമുള്ളയാളുമാണ്. ചിക്കമംഗളൂരു ജില്ലയിലെ കടൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എ കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. കടൂര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം വീണ്ടും ടിക്കറ്റ് തേടാനാണ് സാധ്യത.
സമാന ചിന്താഗതിയുള്ള പാര്ട്ടിയായതിനാലും അതിന്റെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടാന്‍ കഴിയുമെന്നതിനാലുമാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് ദത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ വിജയത്തിനായി കഠിനമായി പരിശ്രമിക്കും. ഇത് ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്നും ഇരു നേതാക്കളെയും പാര്‍ട്ടിയില്‍ ചേര്‍ത്തതിന് ശേഷം കെപിസിസി അധ്യക്ഷന്‍ ശിവകുമാര്‍ പറഞ്ഞു.