Home Featured ബംഗളൂരു-പുണെ എക്സ്പ്രസ് വേ: ഡിസംബറില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും

ബംഗളൂരു-പുണെ എക്സ്പ്രസ് വേ: ഡിസംബറില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും

ബംഗളൂരു: നിര്‍ദിഷ്ട ബംഗളൂരു-പുണെ എക്സ്പ്രസ് വേ പദ്ധതിക്കായി റോഡ്- ഗതാഗത ഹൈവേ മന്ത്രാലയം വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നു.രാജ്യത്തെ രണ്ട് പ്രധാന ഐ.ടി ഹബ്ബുകളായ ബംഗളൂരുവിനെയും പുണെയെയും ബന്ധിപ്പിക്കുന്ന 699 കിലോമീറ്റര്‍ വരുന്ന ഗ്രീന്‍ ഫീല്‍ഡ് എക്സ്പ്രസ് പാതയുടെ നവീകരണത്തിന് 50,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആറുവരി പാതയില്‍ വാഹനങ്ങള്‍ക്ക് 120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും.

നിലവില്‍ ബംഗളൂരു-പുണെ ദേശീയപാതക്ക് (ദേശീയപാത-നാല്) 783 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഇരു നഗരങ്ങള്‍ക്കുമിടയില്‍ ഏകദേശം 14-15 മണിക്കൂര്‍ യാത്രാസമയം വരും. എക്സ്പ്രസ് വേ പൂര്‍ത്തിയാകുന്നതോടെ യാത്രാസമയം ആറുമണിക്കൂറായി ചുരുങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാറിന്റെ ഭാരത് മാല പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഈ എക്സ്പ്രസ് വേ, പുണെയിലെ നിര്‍ദിഷ്ട റിങ് റോഡിലെ കാഞ്ചലേയില്‍നിന്ന് ആരംഭിച്ച്‌ ദൊഡ്ഡബെല്ലാപുര മുത്തുഗഡഹള്ളിയില്‍വെച്ച്‌ നിര്‍ദിഷ്ട ബംഗളൂരു സാറ്റലൈറ്റ് റിങ് റോഡുമായി ചേരും.

പുണെയില്‍വെച്ച്‌ പുണെ-മുംബൈ എക്സ്പ്രസ് ഹൈവേയിലും ഈ പാത ചേരും. കര്‍ണാടകയില്‍ നിര്‍ദിഷ്ട ബംഗളൂരു-ചെന്നൈ എക്സ്പ്രസ് പാതയിലേക്ക് പ്രസ്തുത പാത എത്തിക്കാനും ആലോചനയുണ്ട്.മഹാരാഷ്ട്രയില്‍ പുണെ, സതാറ, സാങ്‍ലി ജില്ലകളിലും കര്‍ണാടകയില്‍ ഒമ്ബത് ജില്ലകളിലുമായാണ് പാത. ബെളഗാവി ജില്ലയിലെ അതാനി താലൂക്കില്‍ ബൊമ്മനാലില്‍നിന്നാണ് കര്‍ണാടക സംസ്ഥാനത്തേക്ക് അതിവേഗ പാത പ്രവേശിക്കുക.

ജമഖണ്ഡി, ബാഗല്‍കോട്ട്, മുധോള്‍, ബദാമി (ബാഗല്‍കോട്ട് ജില്ല), നര്‍ഗുണ്ട്, റോണ്‍ (ഗദക്), യെലബുര്‍ഗ, കൊപ്പാല്‍ (കൊപ്പാല്‍ ജില്ല), ഹാഗരി ബൊമ്മനഹള്ളി, കുഡലിഗി (വിജയനഗര ജില്ല), ജഗലൂരു (ദാവന്‍കരെ ജില്ല), ചിത്രദുര്‍ഗ താലുക്ക (ചിത്രദുര്‍ഗ ജില്ല), സിറ, മധുഗിരി, കൊരട്ടഗരെ, തുമകൂരു (തുമകൂരു ജില്ല), നെലമംഗല, ദൊഡ്ഡബല്ലാപുര്‍ (ബംഗളൂരു റൂറല്‍ ജില്ല) എന്നിവിടങ്ങളിലൂടെ പാത കടന്നുപോവും.എക്സ്പ്രസ് വേയില്‍ 22 സ്ഥലങ്ങളില്‍ മറ്റ് റോഡുകളുമായി ഇന്‍റര്‍ചേഞ്ച് ഉണ്ടായിരിക്കും.

പുണെക്കും ബംഗളൂരുവിനും സമീപം അഞ്ചു കിലോമീറ്റര്‍ നീളത്തില്‍ രണ്ട് എമര്‍ജന്‍സി എയര്‍ സ്ട്രിപ്പുകള്‍കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. 55 മേല്‍പാലങ്ങളും 15 മീറ്റര്‍ വീതിയില്‍ മീഡിയനും ഉണ്ടാകും. ഇരുവശത്തും മരങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് ഗ്രീന്‍ഫീല്‍ഡ് പാതയൊരുക്കുക. കര്‍ണാടകയില്‍ മാത്രം ഏകദേശം 5205 ഹെക്ടറോളം ഭൂമി പ്രസ്തുത പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും.ഘട്ടപ്രഭ, മാലപ്രഭ, തുംഗഭദ്ര, കൃഷ്ണ, യെരള, നീര, ചാന്ദ് നദി, ചിക്ക ഹാഗരി, വേദാവത് എന്നിവയടക്കം 10 നദികള്‍ പാത മുറിച്ചുകടക്കും.

കര്‍ണാടകയിലെ നിലവിലുള്ള പ്രത്യേക സാമ്ബത്തിക മേഖലകളിലൂടെയും നിര്‍ദിഷ്ട പ്രത്യേക സാമ്ബത്തിക മേഖലകളിലൂടെയും പാത കടന്നുപോകും.ബംഗളൂരു-പുണെ ഗ്രീന്‍ ഫീല്‍ഡ് എക്സ്പ്രസ് പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ഡിസംബറില്‍ തയാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശദ പദ്ധതി റിപ്പോര്‍ട്ടിന് കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ മന്ത്രാലയം അംഗീകാരം നല്‍കുന്നതോടെ ഭൂമി ഏറ്റെടുക്കലും നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. 2028ഓടെ പാത തുറന്നുനല്‍കിയേക്കും.

You may also like

error: Content is protected !!
Join Our WhatsApp Group