Home Featured ഇതൊരു ഹിന്ദു ക്ഷേത്രമാണ്’: മുസ്‍ലിം കച്ചവടക്കാരെ ആക്രമിച്ചതിനെ കുറിച്ച്‌ കര്‍ണാടക എം.എല്‍.എ

ഇതൊരു ഹിന്ദു ക്ഷേത്രമാണ്’: മുസ്‍ലിം കച്ചവടക്കാരെ ആക്രമിച്ചതിനെ കുറിച്ച്‌ കര്‍ണാടക എം.എല്‍.എ

ബംഗളൂരു: ധാര്‍വാഡ് ജില്ലയില്‍ മുസ്ലീം കച്ചവടക്കാര്‍ നടത്തുന്ന ഉന്തുവണ്ടി കടകള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തകര്‍ത്തതിന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി കര്‍ണാടക എം.എല്‍.എ രംഗത്ത്.ഇത് ഹിന്ദു ക്ഷേത്രമാണെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ അരവിന്ദ് ബെല്ലാഡ് പറഞ്ഞു.

“ഇതൊരു ഹിന്ദു ക്ഷേത്രമാണ്. മുസ്‍ലിം കച്ചവടക്കാരനാണെങ്കില്‍ പോലും അയാള്‍ എങ്ങനെ വേഷം കെട്ടണം. താടി വച്ച, മീശ വടിച്ച, തൊപ്പിയും പൈജാമയും ധരിച്ചാല്‍ ഹിന്ദു ഭക്തര്‍ക്ക് എന്ത് തോന്നും” -എം.എല്‍.എ പറഞ്ഞു.

ഹുബ്ലി-ധാര്‍വാഡ് വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് അരവിന്ദ് ബെല്ലഡ്.ശനിയാഴ്ച മുസ്ലീം കച്ചവടക്കാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ എട്ട് പേരില്‍ നാല് പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

വര്‍ഗീയ പ്രശ്‌നങ്ങള്‍ കത്തിപ്പടരുന്നതിനിടെ, ജനങ്ങള്‍ നിയമം കൈയിലെടുക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്താല്‍ പൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശം തന്റെ ഭരണകൂടം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച പറഞ്ഞു.

കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തിയിരുന്ന മുസ്ലിംകളുടെ ഉന്തുവണ്ടികളും കടകളും ഹിന്ദുത്വ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. നഗ്ഗികേരി ഹനുമാന്‍ ക്ഷേത്രത്തിനു മുന്നില്‍ തണ്ണി മത്തന്‍ ഉള്‍പ്പെടെ വില്‍പന നടത്തിയിരുന്ന മുസ്ലിം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ശ്രീരാമ സേന പ്രവര്‍ത്തകര്‍ തകര്‍ത്തത്.

കൂടാതെ, സ്റ്റാളില്‍ വില്‍പനക്കു വെച്ചിരുന്ന സാധനങ്ങളെല്ലാം റോഡില്‍ വലിച്ചെറിഞ്ഞു. ഇതിനു സമീപത്തിരുന്ന് വിലപിക്കുന്ന വ്യാപാരിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനത്തിനു പിന്നാലെയാണ് ആക്രമം.

ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ഒഴിപ്പിക്കണെന്ന് ആവശ്യപ്പെട്ട് 15 ദിവസം മുമ്ബ് ശ്രീ രാമ സേന പ്രവര്‍ത്തകര്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.

ഭാരവാഹികള്‍ അതിനു തയാറാകാതെ വന്നതോടെയാണ് ശനിയാഴ്ച വൈകീട്ട് ഏതാനും പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മുസ്ലിം വ്യാപാരികളുടെ സ്റ്റാളുകളും ഉന്തുവണ്ടികളും തകര്‍ക്കുകയും വില്‍പനക്കുവെച്ചിരുന്ന സാധനങ്ങള്‍ റോഡിലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്.

കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ വ്യാപാരം ചെയ്യുന്നുണ്ടെന്നും ആരും ഒഴിഞ്ഞുപോകാന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും നബിസാബ് എന്ന വ്യാപാരി പറഞ്ഞു.ക്ഷേത്ര പരിസരത്തെ ഭൂരിഭാഗം വ്യാപാരികളും ഹിന്ദുക്കളാണെന്നും നിര്‍ധന കുടുംബങ്ങള്‍ക്കാണ് കച്ചവടത്തിന് അനുമതി നല്‍കിയിരുന്നതെന്നും കമ്മിറ്റി ഭാരവാഹികള്‍ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group