
ചെന്നൈ :ക്രിസ്മസ് കാലത്ത് നാടുപിടിക്കാനുള്ള നഗരവാസികളുടെ പ്രതീക്ഷകളും പേറി കെഎസ്ആർടിസിയുടെ ക്രിസ്മസ് സ്പെഷൽ സർവീസ് ഇന്ന് ആരംഭിക്കും. ഇന്നു വൈകിട്ട് 6.30നു ചെന്നൈയിൽ നിന്നു തൃശൂരിലേക്ക് പുറപ്പെടുന്ന ബസിനെ യാത്രക്കാർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്നലെ രാത്രിയിലെ ബുക്കിങ് നില പ്രകാരം ഒറ്റ സീറ്റ് മാത്രമാണ് ബാക്കിയുള്ളത്. തുടർന്നുള്ള ദിവസങ്ങളിലെയും ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുകയാണ്. തൃശൂരിൽ നിന്നുള്ള ആദ്യ ബസ് ഇന്നലെ വൈകിട്ട് 5.30നു പുറപ്പെട്ടിരുന്നു.
ഇന്നു വൈകിട്ട് 6.30നു പുറപ്പെടുന്ന ബസ് നാളെ രാവിലെ 7ന് തൃശൂരിൽ എത്തിച്ചേരും. ചെങ്കൽപെട്ട് (7.35), തിണ്ടിവനം (9.05), വിഴുപ്പുറം (9.45), സേലം (1.20), കോയമ്പത്തൂർ (4.25), പാലക്കാട് (5.45) എന്നിവിടങ്ങളിൽ സ്റ്റോപ്ഉണ്ടായിരിക്കും. നാളെയും 27, 28 തീയതികളിലും നാട്ടിലേക്കുള്ള സർവീസ് ഉണ്ടായിരിക്കും. ഇന്നും 26, 27 തീയതികളിലുമായിരിക്കും തൃശൂരിൽ നിന്നുള്ള സർവീസ്.
ഉത്സവകാലത്ത് ചെന്നൈയിൽ നിന്നു നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് മതിയായ സൗകര്യങ്ങളില്ലെന്ന ആവശ്യം കണക്കിലെടുത്താണ് ഈ ക്രിസ്മസിന് ബസ് സർവീസ് അനുവദിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു, സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ ചെന്നൈയിലെത്തിയപ്പോൾ സിടിഎംഎ, ഫെയ്മ ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ബസിൽ യാത്ര ചെയ്യാൻ താൽപര്യമുള്ളവർക്കായി സിടിഎംഎ ടിക്കറ്റുകൾ സൗജന്യമായി നൽകുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരടക്കം 20 പേർക്കാണ് ടിക്കറ്റുകൾ നൽകിയത്. ഈ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തു. ഇത്തവണത്തെ ക്രിസ്മസ് സർവീസ് വിജയിച്ചാൽ സ്ഥിരം സർവീസ് എന്ന ദീർഘകാല ആവശ്യം നിറവേറുമെന്നാണു നഗരവാസികളുടെ പ്രതീക്ഷ. ടിക്കറ്റ് ബുക്കിങ്ങിന് www.online.keralartc.com, Ente ksrtc എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും 0471 2463799, 9447071021 എന്നീ നമ്പറുകളിൽ വിളിച്ചും ബുക്ക് ചെയ്യാവുന്നതാണ്.
