ചെന്നൈ: തമിഴ്നാട് ജയിലുകളിലെ സുരക്ഷാവീഴ്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. മുൻ ഡിജിപി ജെ കെ തൃപാഠിയാണ് അധ്യക്ഷൻ.ജയില്‍ ചാട്ടത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുകയാണ് സുപ്രധാന ദൗത്യം. സുരക്ഷ വർധിപ്പിക്കാൻ നടപടികള്‍ നിർദേശിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച മാതൃകകള്‍ പരിശോധിച്ച് ശുപാർശ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടാനും വീഴ്ച വരുത്തുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.തേനി ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് സമിതി രൂപീകരണം.
തേനിയില്‍ നിന്ന് ജയില്‍ ചാടിയ മുഴുവൻ തടവുകാരെയും രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. നേരത്തേ റെജിൻ, പൊൻമുത്തു സെല്‍വം എന്നിവരുള്‍പ്പെടെയുള്ളവരെയും പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ വാർഡൻമാരെ ആക്രമിച്ചാണ് തടവുകാർ ജയില്‍ ചാടിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചുപേരെയും പിന്നീട് പകല്‍ സമയത്ത് എട്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു. ജയിലിന് പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖലയില്‍ നിന്നാണ് പൊലീസ് പത്തു പേരെ കണ്ടെത്തിയത്.