ചെന്നൈ സൂപ്പർ കിംഗ്സ് നായകനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ മഹേന്ദ്ര സിംഗ് ധോണിയുടെ മിന്നല്‍ വേഗത്തിലുള്ള പ്രതികരണ ശേഷി വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക സ്മൃതി മന്ധാനയ്ക്കൊപ്പം പങ്കെടുത്ത ഒരു വേദിയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സ്റ്റേജില്‍ കസേരയിലിരുന്ന് റിലാക്സ്ഡ് ആയ അവസ്ഥയില്‍ സംസാരിക്കുന്നതിനിടയില്‍ ധോണി ഒരു ബോള്‍ കൈകൊണ്ട് ജഗിംഗ് ചെയ്യാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇതിനിടയില്‍ ബോള്‍ അപ്രതീക്ഷിതമായി കൈയില്‍ നിന്ന് വഴുതിപ്പോയെങ്കിലും, ഒട്ടും സമയം കളയാതെ അദ്ദേഹം മിന്നല്‍ വേഗത്തില്‍ കൈ നീട്ടി ബോള്‍ നിലത്തു വീഴുന്നതിന് മുൻപ് പിടിച്ചെടുക്കുകയായിരുന്നു.ഈ പെട്ടെന്നുള്ള പ്രതികരണം കൈയിന്റെയും കണ്ണുകളുടെയും ഏകോപനം ഇന്നും അദ്ദേഹത്തില്‍ എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. “റിഫ്ലെക്സുകള്‍ക്ക് ഇന്നും ഒരു കുറവുമില്ല” എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
2027 ഐപിഎല്‍ സീസണില്‍ ധോണി കളിക്കാൻ ഇത് തന്നെ ധാരാളമാണെന്നും, താരം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നാലും വിക്കറ്റ് കീപ്പിംഗ് മികവ് കൈവിട്ടിട്ടില്ലെന്നും തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.എന്നാല്‍ അടുത്ത വർഷത്തെ ഐപിഎല്ലില്‍ ധോണി കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലാത്തതിനാല്‍ ആരാധകർ ഇപ്പോഴും വലിയ ആകാംക്ഷയിലാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം വീണ്ടും മൈതാനത്തിറങ്ങി വിസ്മയങ്ങള്‍ തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകവൃന്ദം മുഴുവൻ.