Home കർണാടക വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍

ബെംഗളൂരു: വടക്കൻ ബെംഗളൂരുവില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം.മേഖല നേരിടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഹെബ്ബാള്‍ മേല്‍പ്പാലത്തിന്റെ മാതൃകയില്‍ പുതിയ ഫ്ലൈഓവർ നിർമ്മിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചതോടെയാണ് ഇത്. വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി പുതിയ മേല്‍പ്പാലം ഉള്‍പ്പെടെയുള്ള ബദല്‍ മാർഗങ്ങള്‍ സർക്കാർ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, ഉല്‍സൂരിലെ മദർ തെരേസ സർക്കിളില്‍നിന്ന് ബാഗലൂരിലേക്ക് 19.275 കിലോമീറ്റർ നീളത്തില്‍ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കാനാണ് പദ്ധതി.

വടക്ക്-തെക്ക് ദിശയില്‍ നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം നാഗവാര-ബാഗലൂർ പാതയിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.മദർ തെരേസ സർക്കിളില്‍നിന്ന് ആരംഭിക്കുന്ന പാത നിർദ്ദിഷ്‌ട യശ്വന്ത്പൂർ-കെആർ പുരം എലിവേറ്റഡ് കോറിഡോറുമായി ഒരു എലിവേറ്റഡ് റോട്ടറി വഴി ബന്ധിപ്പിക്കും. തുടർന്ന് ഹെന്നൂർ ക്രോസ്, വദ്ദാർപാളയ, കണ്ണൂർ തുടങ്ങിയ പ്രധാന ജങ്ഷനുകളിലൂടെയും മേഖലകളിലൂടെയും കടന്നുപോയി ബാഗലൂരില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.ഏകദേശം 20 കിലോമീറ്ററോളം നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കിന് സ്ഥിരമായ പരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ക്കും വടക്കൻ ബെംഗളൂരുവില്‍നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഈ തിരക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിലവില്‍ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലായി 522.23 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്‌തശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബ്യാതരായണപുരയിലെ ജക്കൂർ റെയില്‍വേ മേല്‍പ്പാലവും കെആർ പുരത്തെ ഗെദ്ദലഹള്ളിയില്‍ റെയില്‍വേ പാളത്തിന് കുറുകെ നിർമിച്ച മഴവെള്ളച്ചാലും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. മാരുതി സേവാനഗർ മെയിൻ റോഡിലെ ഐഒസി ജങ്ഷന് സമീപം നിർമിക്കുന്ന റോട്ടറി ഫ്ലൈഓവറിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.അതേസമയം, ഐഒസി ജങ്ഷന് സമീപം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റോട്ടറി ഫ്ലൈഓവർ പ്രധാനപ്പെട്ട പദ്ധതിയാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. മൂന്ന് നിയമസഭാ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പദ്ധതി ബെംഗളൂരുവിലെ ശ്രദ്ധേയമായ അടിസ്ഥാനസൗകര്യ വികസനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി എസ്‌എം കൃഷ്‌ണയുടെ ഭരണകാലത്ത് നിർമിച്ച ഹെബ്ബാള്‍ മേല്‍പ്പാലം നഗരത്തിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നിർദ്ദിഷ്‌ട ഫ്ലൈഓവറിന്റെ നിർമാണം സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതാണെന്നും ആറുവരിപ്പാതയുള്ള മേല്‍പ്പാലം നിർമ്മിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ശിവകുമാർ പറഞ്ഞു. നിർമ്മാണം മുൻഗണന നല്‍കി പൂർത്തിയാക്കാനും ഗതാഗത തടസങ്ങള്‍ പരമാവധി കുറയ്ക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികളുടെയും ട്രാഫിക് പോലീസിന്റെയും നിർദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group