Home Featured ജോജു ആളി ; പ്രതിഷേധം പാളി , ഇന്ധനവില : ജനത്തെ വലച്ച്‌ കോണ്‍ഗ്രസിന്റെ വഴിതടയല്‍

ജോജു ആളി ; പ്രതിഷേധം പാളി , ഇന്ധനവില : ജനത്തെ വലച്ച്‌ കോണ്‍ഗ്രസിന്റെ വഴിതടയല്‍

കൊച്ചി : ഇന്ധനവിലവര്‍ധനയ്‌ക്കെതിരേയുള്ള കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരം സിനിമാതാരം ജോജു ജോര്‍ജിന്റെ പ്രതിഷേധത്തോടെ കൈയാങ്കളിയിലും കേസിലും അവസാനിച്ചു.കൊച്ചി നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്‌ സൃഷ്‌ടിച്ച ഉപരോധത്തിനെതിരേ പരസ്യമായി പൊട്ടിത്തെറിച്ച ജോജു ജോര്‍ജിന്റെ ആഡംബരവാഹനം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തകര്‍ത്തു. തകര്‍ന്ന കാറിന്റെ ചില്ലുകൊണ്ടു നടനു പരുക്കേറ്റു. നടനെ ആക്രമിച്ചതിനും വാഹനം തകര്‍ത്തതിനും അസഭ്യം പറഞ്ഞതിനും ഗതാഗതതടസമുണ്ടാക്കിയതിനും കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ പോലീസ്‌ കേസെടുത്തു.

ആറുലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നാണ്‌ എഫ്‌.ഐ.ആര്‍.
പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ വഴിതടയല്‍ സമരമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്‌. സമരത്തേത്തുടര്‍ന്ന്‌ ഗതാഗതം സ്‌തംഭിച്ചതോടെ വാഹനങ്ങള്‍ ഒരുമണിക്കൂേറാളം ഇടപ്പള്ളി മുതല്‍ വൈറ്റിലവരെ ദേശീയപാതയില്‍ കുടുങ്ങി. ഗതാഗതക്കുരുക്കില്‍പ്പെട്ട നടന്‍ ജോജു ജോര്‍ജ്‌ പ്രതികരിച്ചതോടെ സമരക്കാര്‍ അദ്ദേഹത്തിനുനേരേ തിരിഞ്ഞു. അര്‍ബുദരോഗിയുള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പ്പെട്ടതു ശ്രദ്ധയില്‍പ്പെട്ടതിനാലാണു പ്രതികരിച്ചതെന്നാണു ജോജുവിന്റെ ഭാഷ്യം.


ഗതാഗതക്കുരുക്കിനേത്തുടര്‍ന്ന്‌ ജനരോഷമുയര്‍ന്നതോടെ എത്രയും വേഗം സമരമവസാനിപ്പിക്കാന്‍ പോലീസ്‌ നിര്‍േദശിച്ചിരുന്നു. പോലീസിന്റെ അനുമതി വാങ്ങിയാണു സമരം നടത്തുന്നതെന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞെങ്കിലും സ്‌ഥലത്തെത്തിയ ഡി.സി.പി. ഐശ്വര്യ ഡോംഗ്രേ അതു നിഷേധിച്ചു. സമരത്തിന്‌ മുന്‍കൂര്‍ അനുവാദം വാങ്ങിയിരുന്നില്ലെന്ന്‌ അവര്‍ വ്യക്‌തമാക്കി. രാവിലെ 11 മുതല്‍ ഒരുമണിക്കൂറാണു സമരം പ്രഖ്യാപിച്ചിരുന്നത്‌. ഉദ്‌ഘാടകനായ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. വൈറ്റില പാലത്തിനു ചുവട്ടില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത്‌ അരമണിക്കൂറോളം സംസാരിച്ചു.

ഈസമയം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടുതുടങ്ങി.
നടന്‍ ജോജു ഉള്‍പ്പെടെ പലരും പുറത്തിറങ്ങി പ്രതിഷേധിച്ചു. ഇതു ചിത്രീകരിച്ച മാധ്യപ്രവര്‍ത്തകരോടു ജോജു കയര്‍ത്തതോടെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അേദ്ദഹത്തിനെതിരേ തിരിഞ്ഞു. ജോജുവിന്റെ കാര്‍ വളഞ്ഞ്‌ അസഭ്യവര്‍ഷം നടത്തി. തുടര്‍ന്നാണ്‌ ഒരുകോടിയോളം രൂപ വിലവരുന്ന ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍ ആഡംബരവാഹനത്തിന്റെ പിന്നിലെ ചില്ല്‌ തകര്‍ത്തത്‌. ചില്ലുകഷണം കൊണ്ട്‌ ജോജുവിനു മുറിവേറ്റു. മുണ്ടിലും ഷര്‍ട്ടിലും ചോരപുരണ്ടു. വാഹനത്തിന്റെ ബോണറ്റ്‌ ഉള്‍പ്പെടെ ഇടിച്ചുചളുക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group