Home തമിഴ്നാട് തമിഴ്‌നാടിനെ നടുക്കി ഫാക്ടറി ദുരന്തം; 7 മരണം, 60-ലധികം പേര്‍ ആശുപത്രിയില്‍

തമിഴ്‌നാടിനെ നടുക്കി ഫാക്ടറി ദുരന്തം; 7 മരണം, 60-ലധികം പേര്‍ ആശുപത്രിയില്‍

by ടാർസ്യുസ്

തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുണ്ടായ വൻ വാതകച്ചോർച്ച ദുരന്തത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പെരിയപാളയത്തിന് സമീപമുള്ള കന്നിഗൈപ്പേരില്‍ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ മത്സ്യ-മാംസ കയറ്റുമതി സ്ഥാപനത്തിലാണ് ഇന്ന് ഉച്ചയോടെ അമോണിയ വാതകം ചോർന്നത്.അപകടത്തില്‍ ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട നാല്‍പ്പതിലധികം തൊഴിലാളികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒൻപത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.അസം, ഒഡീഷ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കം നൂറ്റിയിരുപതോളം ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ ഫാക്ടറി കാമ്പസിനുള്ളില്‍ താമസിച്ചിരുന്നത്.

ഞായറാഴ്ച ഫാക്ടറിക്ക് അവധിയായതിനാല്‍ തൊഴിലാളികളെല്ലാം തങ്ങളുടെ താമസസ്ഥലത്ത് വിശ്രമിക്കുന്ന സമയത്താണ് വൻ ദുരന്തം സംഭവിച്ചത്.ശ്വാസതടസ്സവും മൂക്കില്‍ നിന്ന് രക്തസ്രാവവും; നടുക്കുന്ന നിമിഷങ്ങള്‍ഫാക്ടറിയിലെ പ്രോസസിങ് യൂണിറ്റില്‍ നിന്നുമാണ് അതീവ മാരകമായ അമോണിയ വാതകം ചോർന്നത്. നിമിഷങ്ങള്‍ക്കകം വാതകം തൊഴിലാളികള്‍ താമസിച്ചിരുന്ന ക്വാർട്ടേഴ്സിലേക്ക് ഉള്‍പ്പെടെ വ്യാപിക്കുകയായിരുന്നു. വാതകം ശ്വസിച്ചതോടെ പലർക്കും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും ചിലരുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ബോധരഹിതരായി വീണ തൊഴിലാളികളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ഏഴ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. നില ഗുരുതരമായ ഒൻപത് പേരെ പിന്നീട് ചെന്നൈയിലെ സർക്കാർ സ്റ്റാൻലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പെരിയപാളയം പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസും റവന്യൂ-ആരോഗ്യ വകുപ്പുകളും ചേർന്നാണ് സ്ഥലത്ത് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം എൻഡിആർഎഫ് സംഘവും പ്രത്യേക രാസ-ജൈവ പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അത്യാധുനിക വാതക നിരീക്ഷണ ഉപകരണങ്ങളുമായി എത്തിയ മുപ്പതംഗ സംഘമാണ് ഫാക്ടറിയിലെ വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കിയത്.മൂന്നംഗ സമിതിയെ നിയോഗിച്ച്‌ മുഖ്യമന്ത്രി വിജയ്സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കടുത്ത ദുഃഖം രേഖപ്പെടുത്തുകയും അടിയന്തിര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാൻ ഇൻഡസ്ട്രിയല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടർ എന്നിവരടങ്ങുന്ന മൂന്നംഗ ഉന്നതതല സമിതിക്ക് മുഖ്യമന്ത്രി രൂപം നല്‍കി. 24 മണിക്കൂറിനകം പ്രാഥമിക റിപ്പോർട്ടും മൂന്ന് ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദ്ദേശം.ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഐടി വകുപ്പ് മന്ത്രിയോടും പ്രത്യേക നിരീക്ഷണ ഓഫീസർ കെ.പി. കാർത്തികേയനോടും ഉടൻ തന്നെ തിരുവള്ളൂരിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ കളക്ടർക്കും ഭരണകൂടത്തിനും കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പെരിയപാളയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group