ചെന്നൈയിലെ പരന്തൂർ ഗ്രീൻഫീല്‍ഡ് വിമാനത്താവളം കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തമ്മിലുള്ള ശീതയുദ്ധത്തിലേക്ക് നീങ്ങുന്നു.വിജയ് സർക്കാർ പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കാൻ ഉത്തരവിടുകയും, വിമാനത്താവള നിർമ്മാണത്തിനായി മറ്റൊരു സ്ഥലം കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ അനിശ്ചിതത്വം.തമിഴ്‌നാടിന്റെ വ്യവസായിക പുരോഗതിയില്‍ സുപ്രധാനമായ പദ്ധതി ഉപേക്ഷിക്കരുതെന്ന നിർദ്ദേശമാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാനത്തിന് നല്‍കിയിട്ടുള്ളത്. പദ്ധതി ഉപേക്ഷിക്കുന്നത് ചെന്നൈ നഗരത്തിന്റെ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്ര മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
കേന്ദ്ര-സംസ്ഥാന സമിതികളുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ സാധ്യതാ പഠനം, മണ്ണ് പരിശോധനകള്‍, സാങ്കേതിക അനുമതികള്‍ എന്നിവയ്ക്ക് ശേഷമാണ് വിമാനത്താവളത്തിനായി പരന്തൂർ മേഖല തിരഞ്ഞെടുത്തത്. ഇതിനോടകം തന്നെ രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികളും പ്രതിരോധ മന്ത്രാലയവും പദ്ധതി പ്രദേശത്തിനായുള്ള ഉന്നതതല അനുമതികള്‍ നല്‍കിയിട്ടുമുണ്ട്.2025 ഏപ്രിലില്‍ പദ്ധതിക്ക് ആവശ്യമായ തത്വത്തിലുള്ള അന്തിമ അനുമതി കേന്ദ്ര സർക്കാർ നല്‍കിയിരുന്നു. ഡിഎംകെ സർക്കാരിന്റെ കാലഘട്ടത്തില്‍ ഇതിന്റെ ഭാഗമായി 1700 ഏക്കറോളം ഭൂമി ഏറ്റെടുക്കുകയും വിമാനത്താവള ടെൻഡർ നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. ഈ നിർണായക ഘട്ടത്തിലാണ് പുതിയ സർക്കാർ വന്നതും പദ്ധതി പ്രദേശത്തെക്കുറിച്ച് പുനരാലോചനകള്‍ നടത്തുന്നതും.ചെന്നൈ പിന്നിലാകുമെന്ന് ആശങ്കബദല്‍ ലൊക്കേഷൻ കണ്ടെത്തി വിമാനത്താവള പദ്ധതി പ്രാവർത്തികമാക്കുക എന്നത് വെല്ലുവിളിയാണെന്ന് വ്യോമയാന മേഖലയിലെ കണ്‍സള്‍ട്ടന്റുമാർ വിലയിരുത്തുന്നു.
ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങള്‍ അന്താരാഷ്ട്ര എയർപോർട്ടുകളിലൂടെ വിദേശ നിക്ഷേപകരെയും വ്യവസായങ്ങളെയും വൻതോതില്‍ ആകർഷിക്കുമ്പോള്‍, ഇത്തരം ഭരണ തർക്കങ്ങള്‍ ചെന്നൈയുടെ വികസന കുതിപ്പിന് വിഘ്നം സൃഷ്ടിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.നിലവിലുള്ള ചെന്നൈ മീനമ്പാക്കം വിമാനത്താവളം അതിന്റെ യാത്രാ ശേഷിയുടെ ഉച്ഛസ്ഥായിയിലാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രസ്തുത തടസ്സങ്ങള്‍ കാരണം പല അന്താരാഷ്ട്ര എയർലൈൻ സർവീസുകളും ചെന്നൈയിലേക്ക് സർവീസുകള്‍ ആരംഭിക്കാൻ വൈമനസ്യം കാണിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ നഗരത്തിന്റെ വളർച്ച ദ്രുതഗതിയിലാക്കാൻ മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം അടിയന്തിരമായി ആവശ്യമാണ്.
വിജയ് സർക്കാർ നിലപാട്ദരിദ്ര കർഷകരുടെ ജീവനോപാധിയായ കൃഷിയിടങ്ങളും ശുദ്ധജല സ്രോതസ്സുകളായ ജലാശയങ്ങളും ഇല്ലാതാക്കി പുതിയ വിമാനത്താവളം നിർമ്മിക്കാൻ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ മുന്നോട്ടുവെയ്ക്കുന്ന നയം. ഏകനാപുരം ഗ്രാമത്തിലെ നാട്ടുകാരും പരിസ്ഥിതി സംഘടനകളും ആയിരത്തിലധികം ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭത്തിന് വിജയ് പിന്തുണ നല്കിയിരുന്നു.പദ്ധതി പൂര്‍ണമായി ഒഴിവാക്കാന്‍ വിജയ് സര്‍ക്കാരിന് സാധിക്കില്ല. കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകയും വേണം. ഈ വിഷയത്തില്‍ വിജയ് സര്‍ക്കാര്‍ എങ്ങനെ പരിഹാരം കാണുമെന്നാണ് ഇനി അറിയേണ്ടത്. ഈ പദ്ധതി ഒഴിവാക്കിയാല്‍ സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങള്‍ക്ക് നല്‍കുന്ന സഹായം കേന്ദ്ര വ്യോമയാന മന്ത്രാലയം തടഞ്ഞുവച്ചേക്കാം.