Home തിരഞ്ഞെടുത്ത വാർത്തകൾ യു.പി.ഐ ഫീസില്‍ പ്രതിഷേധം ഹോട്ടലുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സമരരംഗത്ത്

യു.പി.ഐ ഫീസില്‍ പ്രതിഷേധം ഹോട്ടലുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സമരരംഗത്ത്

കൊച്ചി: യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ ഒക്ടോബർ 15 മുതല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ പേയ്മെന്റുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.യു.പി.ഐ. ഹോട്ടല്‍ മേഖലയിലെ ദൈനംദിന ഇടപാടുകളുടെ അവിഭാജ്യഘടകമാണ്. ചെറുകിട ഹോട്ടലുകള്‍ മുതല്‍ വലിയ ഹോട്ടലുകള്‍ വരെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നുണ്ട്. പുതിയ നീക്കം ഹോട്ടല്‍ വ്യാപാരികള്‍ക്ക് സാമ്പത്തിക ബാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാല്‍ ചെറുകിട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി എൻ. അബ്ദുള്‍ റസാഖ് എന്നിവർ പറഞ്ഞു.

വിലക്കയറ്റമുള്‍പ്പെടെ പ്രതിസന്ധികള്‍ നേരിടുന്ന ഹോട്ടല്‍ മേഖലയ്ക്ക് അധിക സാമ്പത്തിക ബാദ്ധ്യത താങ്ങാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.സൂപ്പർ മാർക്കറ്റുകളില്‍ ഒക്ടോബർ 15ന് യു.പി.ഐ വഴി ഇടപാടുകള്‍ സ്വീകരിക്കില്ലെന്ന് സൂപ്പർ മാർക്കറ്റ് വെല്‍ഫെയർ അസോസിയേഷൻ കേരള (സ്വാക്) ഭാരവാഹികള്‍ അറിയിച്ചു.യു.പി.ഐയിലെ ഫീസ് സൂപ്പർ മാർക്കറ്റുകളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. ഒരു കുടുംബം ഒരു മാസത്തേയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടായിരം രൂപയ്ക്ക് മുകളില്‍ ബില്ല് വരും.കേരളത്തിലെ 4,000 സൂപ്പർ മാർക്കറ്റുകളുടെ ആശങ്ക പരിഗണിച്ച്‌ വ്യാപാരികളുടെ മേല്‍ ചുമത്തുന്ന യു.പി.ഐ നിരക്ക് പുന:പരിശോധിക്കണമെന്ന് സ്വാക് സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പെട്ട, ജനറല്‍ സെക്രട്ടറി കെ.എ. സിയാവുദീൻ, വൈസ് പ്രസിഡന്റ് സാജു മൂലൻ എന്നിവർ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group