ബെംഗളൂരു: കർണാടകത്തില്‍ എഞ്ചിനീയർമാർക്ക് ആദരം. സംസ്ഥാനത്ത് ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നില്‍ ‘Er’ എന്ന് ചേർക്കാം.കർണാടക സർക്കാരാണ് ചരിത്രപരമായ നടപടി കൈക്കൊണ്ടത്. എഞ്ചിനീയറിങ് രംഗത്തെ അസാധാരണ പ്രതിഭയായിരുന്ന എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 എല്ലാ വർഷവും ‘എഞ്ചിനീഴേസ് ദിനം’ ആയി ഒദ്യോഗികമായി ആചരിക്കാനും സർക്കാർ തീരുമാനിച്ചു. എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് കർണാടക ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീഴേസ് (ഇന്ത്യ) സംഘടിപ്പിച്ച 59-ാമത് എഞ്ചിനീഴേസ് ദിനാഘോഷത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ് പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് എഞ്ചിനീയേഴ്സ് ദിനമായ ഇന്നലെ സർക്കാർ പുറത്തിറക്കി.

എഞ്ചിനീയർമാരുടെ പേരിന് മുന്നിന് വിശേഷണമായി ‘Er’ ഉപയോഗിക്കാനാണ് സർക്കാർ അനുമതി നല്‍കിയത്. ഡോക്ടർമാർ ‘Dr’ എന്ന് ചേർക്കും പോലെ എഞ്ചിനീയർമാർക്ക് ‘Er’ എന്ന് ചേർക്കാം. രാജ്യപുരോഗതിക്ക് നല്കിയ സേവനം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ രാജ്യത്ത് ആദ്യമായി എഞ്ചിനീയർമാർക്ക് ‘Er’ എന്ന വിശേഷണം ചേർക്കാൻ അനുമതി നല്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറി. നേരത്തെ, അധ്യാപകർക്ക് ‘Tr’ എന്ന വിശേഷണം ചേർക്കാൻ സർക്കാർ അനുമതി നല്‍കിയിരുന്നു.മാനവരാശി നേരിടുന്ന വെല്ലുവിളികള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലൂടെ, സാമൂഹികവും സാമ്പത്തികവുമായ വികസനത്തില്‍ എൻജിനീയർമാർ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സർക്കാർ ഉത്തരവില്‍ വ്യക്തമാക്കി.
എൻജിനീയർമാരെ ഭാവിയുടെ ശില്പികള് എന്ന് ഉത്തരവില്‍ വിശേഷിപ്പിച്ചു. മൈസൂർ രാജ്യത്തിന്റെ 19-ാമത് ദിവാനായിരുന്ന കാലയളവില്‍ വിശ്വേശ്വരയ്യ നല്കിയ സംഭാവനകളെയും ഉത്തരവില്‍ അനുസ്മരിച്ചു.കർണാടകയില്‍ ഓരോ വർഷവും ഒരു ലക്ഷത്തിലധികം എൻജിനീയർമാരാണ് ബിരുദം നേടി പുറത്തിറങ്ങുന്നതെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ എൻജിനീയറിങ് പ്രതിഭകളുടെ കൂട്ടായ്മയുള്ള ഇന്ത്യയില്‍, അവരുടെ സംഭാവനകളെ അംഗീകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. വിശ്വേശ്വരയ്യ എൻജിനീയർമാർക്ക് ഇന്നും പ്രചോദനമേകുന്ന മാതൃകാ വ്യക്തിത്വമാണെന്നും ശിവകുമാർ വിശേഷിപ്പിച്ചു.