ബെംഗളൂരു: കിർഗിസ്ഥാനില്‍ സ്വർണ ഖനന പദ്ധതിയുടെ ഉല്‍പ്പാദന ഘട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി ബെംഗളൂരു ആസ്ഥാനമായുള്ള ഡെക്കാൻ ഗോള്‍ഡ് മൈൻസ് ലിമിറ്റഡ്.ആഗോള ഖനന വ്യവസായത്തില്‍ വിദേശ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കിർഗിസ്ഥാനിലെ സ്വർണ പദ്ധതി പര്യവേക്ഷണ, വികസന ഘട്ടങ്ങളില്‍ നിന്ന് ഉല്‍പ്പാദന ഘട്ടത്തിലേക്ക് കമ്പനി വിജയകരമായി എത്തിച്ചിരിക്കുകയാണ്.കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് സാദിർ എൻ ജാപറോവ് ശനിയാഴ്‌ച ഓണ്‍ലൈൻ ചടങ്ങിലൂടെ അല്‍റ്റിൻ ടോർ സ്വർണ പദ്ധതിയിലെ സ്വർണ സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്‌തിരുന്നു. ഡെക്കാൻ ഗോള്‍ഡിന്റെ കിർഗിസ്ഥാൻ ഉപസ്ഥാപനമായ അവെലം പാർട്നെർ എല്‍എല്‍സിയാണ് പദ്ധതി നടത്തുന്നത്.

പരമ്പരാഗതമായി സ്വർണ പര്യവേക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഡെക്കാൻ ഗോള്‍ഡ് മൈൻസിന് ഇതൊരു നിർണായക നേട്ടമാണ്.സ്വർണത്തിനും നിർണായക ധാതുക്കള്‍ക്കുമുള്ള ആഗോള ആസ്‌തികളുടെ ശേഖരം വികസിപ്പിക്കുകയാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പദ്ധതിസ്ഥലത്ത് നടന്ന ചടങ്ങില്‍ ഡെക്കാൻ ഗോള്‍ഡിന്റെയും അവെലം പാർട്നെറിന്റെയും മുതിർന്ന പ്രതിനിധികള്‍ക്കൊപ്പം കിർഗിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ ബിരേന്ദർ സിംഗ് യാദവും പങ്കെടുത്തു.മധ്യ കിർഗിസ്ഥാനിലെ നറിൻ മേഖലയിലാണ് അല്‍റ്റിൻ ടോർ പദ്ധതി സ്ഥിതി ചെയ്യുന്നത്. 300 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ധാതുസമ്പന്നമായ സോള്‍ട്ടൻ സാരി മേഖലയുടെ ഭാഗമാണ് ഈ പ്രദേശം. സ്വർണ നിക്ഷേപങ്ങള്‍ക്ക് പേരുകേട്ട ടിയാൻ ഷാൻ ഷിയർ സോണിന്റെ ഭാഗം കൂടിയാണ് സോള്‍ട്ടൻ സാരി മേഖല.ഓഗസ്‌റ്റില്‍ പദ്ധതിയില്‍ നിന്ന് ആദ്യ സ്വർണ ഡോറെ ഉല്‍പ്പാദിപ്പിച്ചതായി കമ്പനി അറിയിച്ചു.
പൂർണതോതിലുള്ള ഉല്‍പ്പാദനത്തിലേക്ക് കടക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനായി ലീച്ച് സർക്യൂട്ടിന്റെയും ടെയ്ലിംഗ്‌സ് സംവിധാനത്തിന്റെയും നിർമാണവും കമ്മീഷനിങ്ങും പൂർത്തിയാക്കുക, ഖനന ആസൂത്രണം പരിഷ്‌കരിക്കുക, കൂടുതല്‍ വിഭവ പരിശോധനാ ഡ്രില്ലിങ് നടത്തുക തുടങ്ങിയ പ്രവർത്തനങ്ങള്‍ കമ്പനി നടത്തിവരികയാണ്.’അല്‍റ്റിൻ ടോർ ഡെക്കാൻ ഗോള്‍ഡിനും ഇന്ത്യൻ ഖനന മേഖലയ്ക്കും നിർണായകമായ ഒരു നിമിഷമാണ്. വിദേശത്ത് ഒരു ഖനന പദ്ധതിയെ പര്യവേക്ഷണ ഘട്ടത്തില്‍ നിന്ന് ഉല്‍പ്പാദനത്തിലേക്ക് എത്തിക്കാൻ മൂലധനം, കഴിവ്, സ്ഥിരോത്സാഹം എന്നിവയ്ക്കൊപ്പം ആതിഥേയ രാജ്യത്തിന്റെയും ജനങ്ങളുടെയും പങ്കാളികളുടെയും വിശ്വാസവും ആവശ്യമാണ്.
ഇന്ത്യൻ ഖനന കമ്പനികള്‍ക്ക് ഉത്തരവാദിത്തത്തോടെ വിഭവങ്ങള്‍ വികസിപ്പിക്കാനും ആഗോള വേദിയില്‍ മത്സരിക്കാനും കഴിയുമെന്ന് ഈ നേട്ടം തെളിയിക്കുന്നു’ ഡെക്കാൻ ഗോള്‍ഡ് എംഡി പറഞ്ഞു.അതേസമയം, സ്വർണത്തിന് പുറമെ മറ്റ് നിർണായക ധാതുക്കളിലേക്കും കമ്പനി ശ്രദ്ധ വ്യാപിപ്പിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ നിക്കല്‍, ചെമ്പ്, പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളുടെ പദ്ധതികളും സ്പെയിനില്‍ ടങ്സ്റ്റണ്‍, ടിൻ പദ്ധതികളും മൊസാംബിക്കില്‍ ലിഥിയം, ടാന്റലം ആസ്‌തികളും കമ്പനിയുടെ നിലവിലെ പോർട്ട്ഫോളിയോയിലുണ്ട്.2003ല്‍ സ്ഥാപിതമായ ഡെക്കാൻ ഗോള്‍ഡ് മൈൻസിന്റെ ഓഫീസ് ബെംഗളൂരുവിലെ എച്ച്‌എസ്‌ആർ ലേഔട്ടിലാണ്. ബിഎസ്‌ഇയില്‍ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള കമ്പനി ഇന്ത്യയിലെ ആദ്യത്തെ ലിസ്‌റ്റഡ് സ്വർണ, നിർണായക ധാതു വിഭവ കമ്പനിയായാണ് സ്വയം വിശേഷിപ്പിക്കുന്നത്. സ്വർണത്തിന് ഉയർന്ന വിലയുള്ള ഈ കാലത്ത് രാജ്യത്തിന് പുറത്തെ ഖനിയിലൂടെ വലിയ നേട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.