ബെംഗളൂരു എച്ച്.എ.എല്‍. പോലീസ് സ്റ്റേഷൻ പരിധിയിലെ വിഭിതിപുരയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഓട്ടോ ഡ്രൈവർ ജീവനൊടുക്കി.ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം.വിഭിതിപുരയിലെ വീട്ടില്‍ വച്ചാണ് 38കാരനായ എം. രാഘവേന്ദ്ര ഭാര്യ ശ്രുതി ആർ. (35)നെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ദാവണഗരെ സ്വദേശികളായ ഇരുവരും ഏകദേശം 15 വർഷമായി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്നു. ശ്രുതി വീട്ടുജോലിക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു.ദമ്പതികളുടെ രണ്ട് മക്കളും ദാവണഗരെയിലെ ശ്രുതിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

പോലീസ് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമിക വിവരങ്ങള്‍ പ്രകാരം, രാഘവേന്ദ്ര ബിയർ കുപ്പി ഉപയോഗിച്ച് ശ്രുതിയുടെ തലയ്ക്കടിച്ചു. തുടർന്ന് കുപ്പി ഉപയോഗിച്ച് കഴുത്തില്‍ അമർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. പിന്നീട് ശ്രുതിയുടെ സാരി ഉപയോഗിച്ച് വീട്ടിലെ സീലിംഗില്‍ തൂങ്ങിമരിക്കുകയായിരുന്നു.വാതിലില്‍ മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അയല്‍വാസികള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസില്‍ അറിയിച്ചു.ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശ്രുതി മൊബൈല്‍ ഫോണില്‍ മറ്റുള്ളവരുമായി ചാറ്റ് ചെയ്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്ന് ആരോപിച്ച് രാഘവേന്ദ്ര പതിവായി വഴക്കുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.”ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് രാഘവേന്ദ്ര പലപ്പോഴും ശ്രുതിയുമായി വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ശ്രുതി മൊബൈല്‍ ഫോണില്‍ മറ്റുള്ളവരുമായി ചാറ്റ് ചെയ്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നും ഇയാള്‍ ആരോപിച്ചിരുന്നു,” അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.സംഭവത്തില്‍ എച്ച്.എ.എല്‍. പോലീസ് അന്വേഷണം തുടരുകയാണ്.