ജോലി രാജിവെച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഓഫീസില്‍ ഒരു ദിവസം പോലും പോയിട്ടില്ല. പക്ഷേ ശമ്പളദിവസം അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.മുഴുവൻ മാസത്തെയും ശമ്പളം അക്കൗണ്ടിലെത്തിയിരിക്കുന്നു. ബെംഗളൂരുവിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രേയൻസ് ജെയിനാണ് തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സംഭവം ഇപ്പോള്‍ വലിയ ചർച്ചയായിരിക്കുകയാണ്.ജൂലൈ 31 ആയിരുന്നു കമ്പനിയിലെ അദ്ദേഹത്തിന്റെ അവസാന ജോലി ദിവസം. എന്നാല്‍ സെപ്റ്റംബർ ഒന്നിന് ഓഗസ്റ്റ് മാസത്തെ മുഴുവൻ ശമ്പളവും അക്കൗണ്ടിലേക്ക് ക്രെഡിറ്റായി. ആദ്യം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കമ്പനിയുടെ പേറോള്‍ വിഭാഗം പിഴവ് കണ്ടെത്തി പണം തിരികെ എടുക്കുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും വന്നില്ല.

ഒരു ദിവസം മുഴുവൻ കഴിഞ്ഞിട്ടും കമ്പനി പിഴവ് കണ്ടെത്തിയില്ലെന്ന് മനസ്സിലായതോടെ ശ്രേയൻസ് തന്നെ സ്ഥാപനത്തിന്റെ സ്ഥാപകരെ നേരിട്ട് ബന്ധപ്പെട്ടു. തനിക്ക് ലഭിച്ച പണം തന്റേതല്ലെന്നും അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയതാണെന്നും അദ്ദേഹം അറിയിച്ചു. പണം തിരികെ നല്‍കുന്നതിനായി കമ്പനിയുടെ ബാങ്ക് വിവരങ്ങളും ആവശ്യപ്പെട്ടു. തുടർന്ന് എച്ച്‌ആർ വിഭാഗം അദ്ദേഹവുമായി ബന്ധപ്പെടുകയും പണം തിരികെ നല്‍കാനുള്ള നടപടികള്‍ പൂർത്തിയാക്കുകയും ചെയ്തു.ഏകദേശം 48 മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കിയ ശേഷമാണ് സംഭവം അവസാനിച്ചത്. എന്നാല്‍ ജോലി അവസാനിപ്പിച്ച ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ഒരു മാസത്തെ മുഴുവൻ ശമ്പളം എത്തിയിട്ടും കമ്പനിയുടെ സംവിധാനത്തിന് അത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അതേസമയം, തനിക്ക് ലഭിക്കേണ്ടതല്ലാത്ത പണം കൈവശം വെക്കാതെ സ്വമേധയാ തിരിച്ചുനല്‍കിയ ശ്രേയൻസിന്റെ നിലപാടിനെയും സോഷ്യല്‍ മീഡിയയില്‍ നിരവധി പേർ അഭിനന്ദിച്ചു