ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിള്‍, ഗ്രീൻ ലൈനുകളിലെ തിരക്ക് വരും ദിവസങ്ങളില്‍ കുറയാൻ സാധ്യത. പുതിയ ട്രെയിൻ സെറ്റുകള്‍ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനുള്ള നിയമപരമായ അനുമതി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന് ലഭിച്ചതോടെയാണിത്.അടിസ്ഥാന പരിശോധനകളും വിശദമായ ശുചീകരണവും പൂർത്തിയാക്കിയ ശേഷം അടുത്ത രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് പുതിയ ട്രെയിനുകള്‍ സർവീസ് തുടങ്ങും.ഈ ട്രെയിനുകള്‍ ഓടിക്കുന്നതിനായി ബിഎംആർസി ലോക്കോ പൈലറ്റുമാർക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സിആർആർസി നിർമ്മിച്ച മൂന്ന് പുതിയ ഡിടിജി ട്രെയിനുകള്‍ നേരത്തെ ലഭിച്ചിരുന്നു.

നാലാമത്തെ ട്രെയിൻ കഴിഞ്ഞ ആഴ്‌ച ബെംഗളൂരുവിലെത്തി. 2027 മാർച്ചോടെ 17 ട്രെയിനുകള്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മെട്രോ ലൈനുകളിലാണ് പുതിയ ട്രെയിനുകള്‍ സർവീസിനായി ഉള്‍പ്പെടുത്തുന്നത് എന്നതിനാല്‍ ഇവയ്ക്ക് 37 നിയമപരമായ അനുമതികള്‍ നേടേണ്ടതുണ്ടായിരുന്നു.ഓസിലേഷൻ ടെസ്‌റ്റുകളും എമർജൻസി ബ്രേക്കിംഗ് ഡിസ്‌റ്റൻസ് പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഏപ്രിലില്‍ റെയില്‍വേ ബോർഡ് താല്‍ക്കാലിക റോളിംഗ് സ്‌റ്റോക്ക് അനുമതി നല്‍കിയിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 27ന് ബിഎംആർസി ഇന്റേണല്‍ അസസ്മെന്റ് സർട്ടിഫിക്കറ്റും മറ്റ് പരീക്ഷണ റിപ്പോർട്ടുകളും കമ്മീഷണർ ഓഫ് മെട്രോ റെയില്‍ സേഫ്റ്റിയ്ക്ക് സമർപ്പിച്ചു.ഓഗസ്‌റ്റില്‍ സിഎംആർഎസ് പുതിയ ട്രെയിനുകള്‍ പരിശോധിക്കുകയും ട്രെയിനുകളിലെ സിഗ്നലിംഗ് സംവിധാനങ്ങളും മറ്റ് സംവിധാനങ്ങളും വിലയിരുത്തുകയും ചെയ്‌തു തുടർന്ന് കഴിഞ്ഞ ദിവസം സിഎംആർഎസ് സർവീസിനുള്ള അനുമതി നല്‍കിയതായി അധികൃതർ അറിയിച്ചു.
പുതിയ ട്രെയിനുകള്‍ പർപ്പിള്‍, ഗ്രീൻ ലൈനുകളിലെ തിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ പർപ്പിള്‍ ലൈനില്‍ 33 ട്രെയിനുകളും ഗ്രീൻ ലൈനില്‍ 24 ട്രെയിനുകളുമാണ് സർവീസ് നടത്തുന്നത്.ലഭിക്കാനിരിക്കുന്ന 21 പുതിയ ട്രെയിനുകളും ഗ്രീൻ ലൈനില്‍ സർവീസ് നടത്താനാണ് മെട്രോ അധികൃതരുടെ പദ്ധതി. നിലവില്‍ ഗ്രീൻ ലൈനിലുള്ള 24 ട്രെയിനുകളില്‍ 17 എണ്ണം ലിവറി മാറ്റി പർപ്പിള്‍ ലൈനിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.ഇതോടെ പർപ്പിള്‍ ലൈനില്‍ ആകെ 50 ട്രെയിനുകളും, ഗ്രീൻ ലൈനില്‍ 28 ട്രെയിനുകളും സർവീസ് നടത്തും. അതിനിടയില്‍ കഴിഞ്ഞ ആഴ്‌ച എത്തിയ നാലാമത്തെ പുതിയ ട്രെയിൻ യാത്രക്കാരുടെ സർവീസില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കും. ഇതും കൂടി എത്തുന്നതോടെ സർവീസുകള്‍ക്ക് ഇടയിലെ ഇടവേള കുറയാനാണ് സാധ്യത.