ബെംഗളൂരു: വികസന പാതയില്‍ അതിവേഗം കുതിക്കുന്ന ഐടി നഗരമായ ബെംഗളൂരുവിലെ തിരക്കും ഭാവിയും കണക്കിലെടുത്ത് ബെംഗളൂരുവിന് ബദമായി നഗരങ്ങള്‍ വികസിപ്പിക്കാൻ കർണാടക സർക്കാർ.തൊഴിലവസരങ്ങള്‍ വർധിപ്പിക്കുക, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിട്ടാണ് ബെംഗളൂരുവിന് പുറത്തേക്ക് വികസനം വ്യാപിപ്പിക്കുന്നത്. മൈസൂരു, ബെലഗാവി, ഹുബ്ബള്ളി – ധാർവാഡ്, കലബുറഗി എന്നിവടങ്ങള്‍ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.മൈസൂരുവിനായി പ്രത്യേക വികസന പദ്ധതി തയ്യാറാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവിലെ രൂക്ഷമായ ജനസാന്ദ്രത, ഗതാഗതക്കുരുക്ക്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും നഗരത്തിൻ്റെ ഭാവിയും മുന്നില്‍ കണ്ട് അഞ്ച് പ്രധാന നഗരങ്ങളെ ബെംഗളൂരുവിന് ബദലായി വളർത്തുകയാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യം. ഇതിനായി സർക്കാർ ഒരു പുതിയ വികസന പദ്ധതി ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.മൈസൂരു, ബെലഗാവി, ഹുബ്ബള്ളി – ധാർവാഡ്, കലബുറഗി എന്നീ നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ ശക്തമാക്കും. അതിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബെംഗളൂരുവില്‍ നിന്ന് ഏകദേശം 425 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ധാർവാഡ്, കർണാടകയും വടക്കുഭാഗത്തുള്ള നഗരമാണ് കലബുറഗി. ധാർവാഡ് ജില്ലയിലെ പ്രധാന നഗരമാണ് ഹുബ്ബള്ളി.
മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഭാഗമാണ് ബെലഗാവി. ബെംഗളൂരുവില്‍ നിന്നും ഏകദേശം 140 കിലോമീറ്റർ അകലെയാണ് മൈസൂരു നഗരമുള്ളത്.ഐടി നഗരമായ ബെംഗളൂരുവിനേക്കാള്‍ മികച്ച ആസൂത്രണത്തോടെയുള്ള നഗരമാണ് മൈസൂരു. വികസനത്തിന്റെ പുതിയ മാതൃകകള്‍ ഇവിടെ അവതരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള ചെറുതും വലുതുമായ നഗരങ്ങളില്‍ റിങ് റോഡുകള്‍ നിർമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാർ കൂട്ടിച്ചേർത്തു.
വികസനത്തിൻ്റെ കാര്യത്തില്‍ സംസ്ഥാനത്തെ മറ്റ് നഗരങ്ങളുമായി കിടപിടിക്കുന്ന മൈസൂരുവിൻ്റെ സമഗ്ര വികസനത്തെക്കുറിച്ച് സർക്കാർ വിശദമായി ചർച്ച ചെയ്യും. ഒരു കർമ്മ പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിനായി തദ്ദേശ എംഎല്‍എമാരുമായും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും കൂടിയാലോചിച്ച് പ്രത്യേക യോഗം ഉടൻ വിളിക്കുമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. സുത്തൂർ മഠത്തിന്റെ മൈസൂരു ശാഖയില്‍ ശിവരാത്രി രാജേന്ദ്ര മഹാസ്വാമിയുടെ 111-ാം ജന്മവാർഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ബെംഗളൂരുവിന് ബദലായി അഞ്ച് നഗരങ്ങള്‍ വികസിപ്പിക്കുമെന്ന നിർണായക വിവരം പങ്കുവച്ചത്.