ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയായ ബെംഗളൂരു സബർബൻ ട്രാൻസ്‌പോർട്ട് പ്രോജക്റ്റ് (ബിഎസ്ടിപി) പ്രവർത്തനം ഇഴയുന്നു.പദ്ധതി നടത്തിപ്പ് സ്ഥാപനമായ ബെംഗളൂരു ഇന്റഗ്രേറ്റഡ് റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (ബൈ – റൈഡ്) പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് പദ്ധതി നിർമാണത്തില്‍ 19.95 ശതമാനം പ്രവർത്തനങ്ങളാണ് പൂർത്തിയായത്. 20.66 ശതമാനം സാമ്പത്തിക പുരോഗതിയും കൈവരിച്ചു.ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം കോറിഡോർ 2 (ബെന്നിഗനഹള്ളി – ചിക്കബനവാര 25.01 കിലോമീറ്റർ), കോറിഡോർ 4 (ഹീലലിഗെ – രാജാനുകുണ്ടെ, 46.88 കിലോമീറ്റർ) എന്നിവയുടെ നിർമാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
30 സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.കോറിഡോർ 2നായി ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയായി. കോറിഡോർ 4 നായി അവസാന ഘട്ടത്തിലാണ്. കൂടാതെ, കോറിഡോർ 1 (കെഎസ്‌ആർ ബെംഗളൂരു – ദേവനഹള്ളി / വിമാനത്താവളം, 49.9 കിലോമീറ്റർ) സേവനം നല്‍കുന്ന അക്കുപേട്ട് ഡിപ്പോയ്ക്കായി പരിസ്ഥിതി – വനം – കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തില്‍ നിന്ന് ബൈ – റൈഡ് രണ്ടാം ഘട്ട വന അനുമതി നേടി.അക്കുപേട്ട് ഡിപ്പോയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. കോറിഡോർ 2 ലെ രണ്ട് പാക്കേജുകള്‍ക്കായി ബൈ – റൈഡ് ടെൻഡറുകള്‍ നല്‍കുകയും ഇടനാഴിയിലെ ശേഷിക്കുന്ന 8.9 കിലോമീറ്റർ പാക്കേജിനായി ബിഡുകള്‍ ക്ഷണിക്കുകയും ചെയ്തു. കോറിഡോർ 4 ലെ 22.54 കിലോമീറ്റർ ഭാഗത്തിനായി ബൈ – റൈഡ് ടെൻഡറുകള്‍ ക്ഷണിച്ചെങ്കിലും ഇടനാഴിയിലെ ശേഷിക്കുന്ന 24.34 കിലോമീറ്റർ ഭാഗത്ത് വയഡക്റ്റുകളും ട്രാക്കുകളും നിർമിക്കുന്നതിനുള്ള ബിഡുകള്‍ ക്ഷണിക്കുന്നതിനുള്ള സമയപരിധി തിരിച്ചടിയായി.
കോറിഡോർ 2 ഉം 4 ഉം രണ്ട് ഇടനാഴികളിലെയും സ്റ്റേഷൻ ജോലികള്‍ പ്രത്യേക കരാറുകള്‍ക്ക് കീഴിലാണ് പുരോഗമിക്കുന്നത്. കോറിഡോർ 2 ലെ 12 സ്റ്റേഷനുകള്‍ക്കും കോറിഡോർ 4 ലെ 18 സ്റ്റേഷനുകള്‍ക്കും കെ – റൈഡ് കരാറുകള്‍ നല്‍കിയിട്ടുണ്ട്. കമ്മ്യൂണിക്കേഷൻസ് ബേസ്ഡ് ട്രെയിൻ കണ്‍ട്രോള്‍ (CBTC) സാങ്കേതികവിദ്യയ്ക്ക് പകരമായി എല്ലാ സബർബൻ റെയില്‍ ലൈനുകളിലും യൂറോപ്യൻ ട്രെയിൻ കണ്‍ട്രോള്‍ സിസ്റ്റം (ETCS ലെവല്‍-2) നടപ്പിലാക്കാൻ ബൈ – റൈഡിന് അനുമതി ലഭിച്ചു.റെയില്‍വേ സിഗ്നലിങ്, സുരക്ഷ, പ്രവർത്തന കാര്യക്ഷമത എന്നിവ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്ന് ബൈ – റൈഡ് പറഞ്ഞു. ഡല്‍ഹി – മീററ്റ് ആർആർടിഎസ് ഇടനാഴിയില്‍ ഇന്ത്യയില്‍ ആദ്യമായി വിന്യസിച്ച യൂറോപ്യൻ ട്രെയിൻ കണ്‍ട്രോള്‍ സിസ്റ്റം റെയില്‍വേ, മെട്രോ ശൃംഖലകളിലുടനീളം പ്രത്യേകിച്ച് ദീർഘദൂര റൂട്ടുകളില്‍ പരസ്പര പ്രവർത്തനക്ഷമതയ്ക്ക് അനുകൂലമാണ്. കോറിഡോർ 4 ലെ 1, 2 പാക്കേജുകളിലെ ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കുന്നതിനുള്ള ടെൻഡർ പ്രക്രിയ ബൈ – റൈഡ് ആരംഭിച്ചു.
നിലവിലുള്ള റോഡ് ലെവലുകള്‍ മാറ്റുന്നതിനുപകരം റെയില്‍വേ ട്രാക്കുകള്‍ ഉയർത്തി പതിനൊന്ന് ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കും.പദ്ധതി ആവശ്യകതകളെയും ഫണ്ടിങ് ലഭ്യതയെയും അടിസ്ഥാനമാക്കി ഇടനാഴികള്‍ക്കും പാക്കേജുകള്‍ക്കും മുൻഗണന നല്‍കിക്കൊണ്ട് വിമാനത്താവള ലിങ്ക് ഉള്‍പ്പെടെയുള്ള എല്ലാ ഡിപിആർ – അനുവദിച്ച ജോലികളുടെയും ഘട്ടം ഘട്ടമായുള്ള നടപ്പാക്കലിന് ബൈ – റൈഡ് അംഗീകാരം നല്‍കി. ഡിപിആർ അംഗീകരിച്ച എല്ലാ ലൈനുകളും നടപ്പിലാക്കുമെന്ന് ബൈ – റൈഡ് മാനേജിംഗ് ഡയറക്ടർ ലക്ഷ്മണ്‍ സിങ് പറഞ്ഞിരുന്നു. 2028 ഡിസംബറോടെ കോറിഡോർ 2, 2029 ജൂണോടെ കോറിഡോർ 4, 2030 മാർച്ചോടെ കോറിഡോർ 1, 3 എന്നിവ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.