ബെംഗളൂരു:ഹെബ്ബഗോഡിയില്‍ റോഡിലെ മോശം അവസ്ഥയെത്തുടർന്ന് ബൈക്കില്‍ നിന്ന് വീണ മലയാളി യുവതി തൊട്ടുപിന്നാലെ വന്ന ഗുഡ്സ് വാഹനം കയറി മരിച്ചു.ബെംഗളൂരുവിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയായ മേധ (32) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടം. റോഡിലെ വലിയ കുഴികള്‍ കാരണമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി.സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മേധ. പ്രാഥമിക വിവരങ്ങള്‍ പ്രകാരം, റോഡിന്റെ മോശം അവസ്ഥ കാരണം മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട ഇരുചക്ര വാഹനത്തില്‍ നിന്ന് മേധ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം പിന്നാലെ വന്ന ഗുഡ്സ് വാഹനം മേധയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും അവർ മരിക്കുകയുമായിരുന്നു.യുവതിയുടെ മരണത്തിന് കാരണം റോഡിലെ കുഴിയാണെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ കർണാടക മന്ത്രി സന്തോഷ് ലാഡിന്റെ പ്രതികരണം വലിയ വിവാദമായിട്ടുണ്ട്. “യുവതിയുടെ മരണത്തില്‍ എനിക്ക് വലിയ ദുഃഖമുണ്ട്, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. അവിടെ തീർച്ചയായും ഒരു കുഴിയുണ്ടായിരിക്കാം. എന്നാല്‍ ഒരു കുഴിയുണ്ടെന്ന് കരുതി ആ നഗരത്തിലെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും മോശമാണെന്നോ ഞങ്ങള്‍ പണം ചിലവഴിക്കുന്നില്ലെന്നോ അർത്ഥമില്ല. ഞങ്ങള്‍ വലിയ തുക ഇതിനായി ചിലവഴിക്കുന്നുണ്ട്, എല്ലാ വർഷവും അതിനുള്ള കൃത്യമായ കണക്കുകള്‍ നല്‍കുന്നുമുണ്ട്,” അദ്ദേഹം പറഞ്ഞു.
അപകടത്തിന് പിന്നാലെ പ്രദേശത്തെ റോഡുകളുടെ തകർച്ചക്കെതിരെ നാട്ടുകാർ റോഡ് ഉപരോധിച്ച് ശക്തമായ പ്രതിഷേധം നടത്തി. തകർന്ന റോഡുകള്‍ ഉടനടി അറ്റകുറ്റപ്പണി നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഇലക്ട്രോണിക് സിറ്റി, അനന്തനഗർ മേഖലകളിലെ റോഡുകള്‍ പൂർണ്ണമായും കുഴികള്‍ നിറഞ്ഞതാണെന്നും ഇരുചക്ര വാഹനയാത്രക്കാർക്ക് ഇത് മരണക്കെണിയായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇടയ്ക്കിടെ റോഡ് വെട്ടിപ്പൊളിക്കാറുണ്ടെങ്കിലും ഇത് കൃത്യമായി നന്നാക്കാൻ അധികൃതർ തയ്യാറാകാറില്ലെന്നും ഒരു പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു.