ന്യൂഡെല്‍ഹി: പാട്ടും മേളവും നൃത്തവുമായി സംഗീത പരിപാടിക്കി കൊഴുക്കുന്നതിനിടെ വൈദ്യുതി നിലച്ചപ്പോള്‍ 25 മൊബൈല്‍ ഫോണുകള്‍ കാണാതായതായി പരാതി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ബാക്യാര്‍ഡ് സ്പോര്‍ട്സ് ക്ലബില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ഫോണുകള്‍ കൂട്ടത്തോടെ മോഷണം പോയത്.ഡിസിപി സിദ്ധാന്ത് ജെയിന്‍ പറയുന്നത്: ഞായറാഴ്ചയാണ് സണ്‍ബേണ്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ പരിപാടി നടന്നത്. പതിനായിരത്തോളം പേര്‍ ഈ പരിപാടി കാണാനും എത്തിയിരുന്നു. പരിപാടിക്കിടെ പെട്ടെന്ന് വൈദ്യുതി നിലച്ചു.
പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചപ്പോഴാണ് 25 പേരുടെ ഫോണുകള്‍ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.ഞായറാഴ്ച രാത്രി വൈകി സെക്ടര്‍ 65 പൊലീസ് സ്റ്റേഷനില്‍ ഏഴ് പേരാണ് പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ ഹിമാന്‍ഷു വിജയ് സിംഗിന്റെയും ഭാര്യ അവന്തികയുടെയും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കിയിട്ടുണ്ട്. ലക്ഷയ് റാവല്‍, അര്‍ജുന്‍ കച്റൂ, സൗമ്യ ജ്യോതി ഹല്‍ദര്‍, സര്‍ത്ഥക് ശര്‍മ, കരണ്‍ ചൗഹാന്‍ എന്നിവരും ഫോണ്‍ നഷ്ടമായെന്ന് പരാതി നല്‍കി.രാത്രി 8.20 ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ വിഐപി ലെയ്‌നില്‍ എത്തിയപ്പോഴാണ് കൂട്ടത്തില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതെന്ന് ശൗര്യ ഗുപ്ത എന്നയാള്‍ പറഞ്ഞു.
ഇരുട്ടായതിനാല്‍ സ്വന്തം മൊബൈലിലെ ഫ്‌ലാഷ് ലൈറ്റ് ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് ശൗര്യ ഗുപ്ത പറഞ്ഞു.തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് സംശയമുള്ള 12 പേരെ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.