കാസർകോട്: സ്കൂള്‍ അധ്യാപികയുടെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി.കാസർകോട്ടെ ഒരു എയ്ഡഡ് സ്കൂളിലെ പത്താം തരം വിദ്യാർഥിയായിരുന്ന പതിനഞ്ചുകാരൻ്റെ മരണത്തിലാണ് കുടുംബം പൊലീസിനെ സമീപിച്ചത്.വിദ്യാർഥിയുടെ പിതാവ് ആണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം (സെപ്റ്റംബർ 11-ന്) വൈകുന്നേരം സ്കൂളില്‍ നിന്നെത്തിയ കുട്ടി, 5.55-ഓടെ വീടിൻ്റെ തട്ടിൻപുറത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പരാതിയിലുള്ളത്.നിരന്തരമായ മാനസിക പീഡനമെന്ന് ആരോപണം എട്ടാം ക്ലാസ് മുതല്‍ കുട്ടി പഠിച്ച ക്ലാസുകളുടെ ചുമതല ആരോപണവിധേയയായ ഈ അധ്യാപികയ്ക്കായിരുന്നു.
പഠനകാര്യങ്ങളിലും അല്ലാതെയും കുട്ടിയെ നിരന്തരം കുറ്റപ്പെടുത്തുന്നതും മാനസികമായി തളർത്തുന്നതും ഇവരുടെ പതിവായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സ്നേഹത്തോടെ പെരുമാറണമെന്ന് അധ്യാപിക കൂടിയായ മാതാവ് ഇവരോട് പലതവണ അഭ്യർഥിച്ചിട്ടും ഈ സമീപനം തുടർന്നുവെന്നാണ് പിതാവ് ആരോപിക്കുന്നത്. കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.വാട്സാപ്പ് ഗ്രൂപ്പിലെയും പിടിഎയിലെയും അവഹേളനം സ്കൂള്‍തല പ്രവൃത്തിപരിചയ മേളയിലെ പോട്ടറി പെയിൻ്റിങ് മത്സരത്തില്‍ വിദ്യാർഥിക്ക് ‘എ’ ഗ്രേഡ് ലഭിച്ചിരുന്നു. എന്നാല്‍ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ അധ്യാപിക ‘ബി’ ഗ്രേഡ് ലഭിച്ച വിദ്യാർഥികളുടെ ചിത്രങ്ങള്‍ പോലും പങ്കുവെച്ചപ്പോള്‍ ഈ വിദ്യാർഥിയുടെ ഫോട്ടോ മനപ്പൂർവം ഒഴിവാക്കി കുട്ടിയെ അപമാനിച്ചതായി പരാതിയിലുണ്ട്.ഇതൊരു കന്നഡ വിദ്യാലയമായതിനാല്‍ മലയാളം സംസാരിക്കുന്നതിന് കുട്ടിക്ക് അധ്യാപിക വിലക്കേർപ്പെടുത്തിയിരുന്നു.
ഇതിനുപുറമെ, ക്ലാസ് പിടിഎ യോഗത്തില്‍ മറ്റു രക്ഷിതാക്കള്‍ക്ക് മുന്നില്‍വെച്ച് കുട്ടിയുടെ പേരെടുത്ത് പറഞ്ഞ് ഈ അധ്യാപിക കടുത്ത രീതിയില്‍ അവഹേളിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. മറ്റ് രക്ഷിതാക്കളോടും സ്കൂളിലെ മറ്റ് അധ്യാപകരോടും സംസാരിച്ചപ്പോഴും ഈ ടീച്ചറെക്കുറിച്ച് ഇതേ അനുഭവമാണ് അവർ പങ്കുവെച്ചതെന്നും വിദ്യാർഥിയുടെ കുടുംബം വ്യക്തമാക്കുന്നു.മരണശേഷവും തുടർന്ന അവഗണന കുട്ടി മരിച്ച വിവരമറിഞ്ഞ് സ്കൂള്‍ അധികൃതരും സഹപാഠികളും വീട്ടിലെത്തിയെങ്കിലും ക്ലാസ് ടീച്ചറായ ഇവർ മൃതദേഹം കാണാനോ കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കാനോ തയാറായിരുന്നില്ല. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ കുട്ടിയുടെ മരണവിവരം അറിയിക്കാൻ പോലും അധ്യാപിക കൂട്ടാക്കിയില്ലെന്നും പിതാവ് ആരോപിക്കുന്നു. ഭാവിയില്‍ മറ്റൊരു കുട്ടിക്കും ഈ ദാരുണമായ അവസ്ഥ ഉണ്ടാകാതിരിക്കാൻ അധ്യാപികയ്ക്കെതിരെ സമഗ്രമായ പൊലീസ് അന്വേഷണവും ശക്തമായ നിയമനടപടികളും സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.