ബെംഗളൂരു: മദ്യപിച്ചെത്തിയ ഭർത്താവിനെ അടിച്ചുകൊന്ന ഭാര്യ അറസ്റ്റിൽ. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് 42കാരിക്ക് വിനയായത്. സിവിൽ എൻജിനീയറായ ഭാസ്കറിൻ്റെ (41) മരണം കോലപാതകമാണെന്ന് വ്യക്തമായതോടെ ഭാര്യ ശ്രുതി (32) അറസ്റ്റിലായി.ഭാസ്കറിൻ്റെ മരണത്തിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രുതി ശ്രമം നടത്തിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് ശുതിയുടെ പങ്ക് വ്യക്തമാക്കിയത്. ജൂൺ 27ന് ചന്ദ്രോദയ കല്യാണ മണ്ഡപത്തിനടുത്തുള്ള എസ്‌ജി പാളയയിലെ വീട്ടിൽ വെച്ചാണ് ഭാസ്‌കർ കൊല്ലപ്പെട്ടത്.
അമിതമായി മദ്യപിച്ച് എത്തിയ ഭർത്താവ് ശുചിമുറിയിൽ വീണുവെന്നും, തുടർന്ന് താൻ കുളിപ്പിച്ച ശേഷം കിടക്കയിൽ കിടത്തിയെന്നും ഉറക്കത്തിൽ മരണം സംഭവിച്ചുവെന്നുമാണ് ശ്രുതി പോലീസിനെ അറിയിച്ചത്.അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഭാസ്കറിൻ്റെ മുഖത്തെ പാട് സംശയം ജനിപ്പിച്ചിരുന്നു. എന്തോ വസ്തുകൊണ്ട് അടിച്ചത് പോലെയുള്ള പാടായിരുന്നു മുഖത്ത്. ശുചിമുറിയിൽ വീണപ്പോൾ സംഭവിച്ചതാകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അടിയേറ്റാണ് ഭാസ്കറിൻ്റെ മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ ഭാര്യ ശ്രുതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം വ്യക്തമായത്. ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശ്രുതി പോലീസിനോട് പറഞ്ഞു. വീട്ടുജോലിക്കാരിയുമായുള്ള അടുപ്പത്തിൻ്റെ പേരിൽ ഭാര്യയുമായി വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നും ഇതിനിടെയാണ് കൊലപാതകം നടത്തിയതെന്നും ഇവർ വ്യക്തമാക്കി.
ഭർത്താവിൻ്റെ മരണം സാധാരണ മരണമാക്കി തീർക്കാൻ ശ്രമം നടത്തി. അടിയേറ്റതിന് പിന്നാലെ ഭാസ്കറിൻ്റെ മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം കഴുകി കട്ടിലിൽ കിടത്തി. കുളി കഴിഞ്ഞ് ഉറങ്ങുന്നതിനിടെ മരണം സംഭവിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ജൂൺ 27ന് മദ്യലഹരിയിൽ വീട്ടിലെത്തിയ ഭാസ്കറുമായി ശ്രുതി വഴക്കിടുകയും ഇതിനിടെ മരത്തടി ഉപയോഗിച്ച് മുഖത്ത് അടിക്കുകയുമായിരുന്നു. സ്വയം പ്രതിരോധത്തിനായി മരവടി കൊണ്ട് ഭർത്താവിനെ അടിച്ചതാണെന്ന് ശ്രുതി പോലീസിന് മൊഴി നൽകി.
വീട്ടിലെ ജോലിക്കാരുമായി ഭാസ്കറിന് അടുപ്പമുണ്ടായിരുന്നുവെന്നും സമ്പാദിക്കുന്ന പണത്തിൻ്റെ ഭൂരിഭഗവും ഇത്തരത്തിൽ ചെലവഴിച്ചിരുന്നതായും ശ്രുതി പോലീസിനോട് പറഞ്ഞു. ഭാസ്‌കർ കഴിഞ്ഞ ഒരു മാസമായി വീട്ടിലേക്ക് എത്തിയിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം ഭാസ്‌കർ 12 വർഷം മുൻപാണ് ശ്രുതിയെ വിവാഹം ചെയ്തത്.