Home കർണാടക മഞ്ഞുമൂടിയ കശ്മീരല്ല, ഇത് ആലിപ്പഴം പെയ്തിറങ്ങിയ ബെംഗളൂരു! വേനല്‍ച്ചൂടിനിടെ വെള്ളപ്പുതച്ച്‌ നഗരം

മഞ്ഞുമൂടിയ കശ്മീരല്ല, ഇത് ആലിപ്പഴം പെയ്തിറങ്ങിയ ബെംഗളൂരു! വേനല്‍ച്ചൂടിനിടെ വെള്ളപ്പുതച്ച്‌ നഗരം

കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ അനുഭവപ്പെട്ട ശക്തമായ കാറ്റും മഴയും അപ്രതീക്ഷിതമായ കാഴ്ചകള്‍ക്കാണ് വഴിയൊരുക്കിയത്.കനത്ത ആലിപ്പഴവർഷത്തെത്തുടർന്ന് നഗരമാകെ മഞ്ഞുമൂടിയതുപോലെ വെളുത്ത നിറത്തിലായി. റോഡുകളും വീട്ടുപറമ്പുകളും കഫേകളുടെ പരിസരവുമെല്ലാം ഐസ് കട്ടകള്‍ വീണ് മൂടിക്കിടക്കുന്ന നിലയിലാണ്. കടുത്ത ചൂടില്‍ വെന്തുരുകുകയായിരുന്ന നഗരത്തിലെ താപനില ഇതോടെ 18 ഡിഗ്രി സെല്‍ഷ്യസ് വരെയായി താഴ്ന്നു. ഒന്നര മണിക്കൂറോളം നിർത്താതെ പെയ്ത മഴ നഗരത്തില്‍ വലിയ വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കും കാരണമായി. ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണ് മലയാളകളടക്കം ഏഴ് പേർ മരണപ്പെട്ടു. ബുക്ക് സ്റ്റോറില്‍ വെള്ളം കയറിയതിനെ തുടർന്ന് 14 ലക്ഷം വില വരുന്ന 5000ത്തോളം പുസ്തകങ്ങളാണ് നശിച്ചത്.ഒന്നര മണിക്കൂറോളം നിർത്താതെ പെയ്ത പ്രളയ സമാന മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ശക്തമായ കാറ്റില്‍ റോഡരികിലെ ഒട്ടേറെ മരങ്ങളും ഒടിഞ്ഞു വീണു.

വെള്ളക്കെട്ടിലും ആലിപ്പഴവർഷത്തിലും പലയിടങ്ങളിലായി ഗതാഗതം തടസ്സപ്പെട്ടു.എന്താണ് ആലിപ്പഴ വർഷം?ഭൂമിയില്‍ നിന്നും ഉയർന്നു പൊങ്ങുന്ന ചൂടേറിയ നീരാവി പെട്ടെന്ന് തണുക്കുമ്പോള്‍ രൂപം കൊള്ളുന്ന ഐസ് രൂപമാണ് ആലിപ്പഴം. ചൂടേറിയ നീരാവി ഭൂമിയില്‍ നിന്നും 1-2 കിലോമീറ്റർ ഉയരത്തിലെത്തുമ്പോള്‍ മുകളില്‍ നിന്നും താഴേക്കൊഴുകിക്കൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്പർക്കത്തിലേർപ്പെടുകയും വളരെപ്പെട്ടെന്ന് തണുത്ത് ചെറിയ ഐസു കട്ടകളായി മാറുകയും ചെയ്യുന്നു. ഈ പ്രക്രിയ തുടരുമ്പോള്‍ ഐസു കട്ടകളുടെ വലിപ്പവും ഭാരവും കൂടുകയും അത് താഴോട്ടു പതിക്കുകയും ചെയ്യും.പല വലുപ്പത്തിലായി കാണപ്പെടുന്ന ആലിപ്പഴം പൊതുവെ ചെറിയ കഷണങ്ങളായാണു ഭൂമിയില്‍ പതിക്കുന്നത്. ഗോളാകൃതിയില്‍ നിന്ന് ഉരുകി വരുന്നതിനാല്‍ അതിനു കൃത്യമായ ആകൃതിയുണ്ടാവാറില്ല. ആലിപ്പഴം വൻതോതില്‍ ഭൂമിയിലേക്കു പതിക്കുന്നത് പലപ്പോഴും കൃഷി നാശമുണ്ടാക്കാറുണ്ട്. 1986ല്‍ ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ 92 പേർ മരിച്ചിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴ വീഴ്ചയായിരുന്നു ഇത്.

You may also like

error: Content is protected !!
Join Our WhatsApp Group