Home കർണാടക വീണ്ടും വിലകൂട്ടാൻ തയ്യാറെടുത്ത് ബെംഗളൂരുവിലെ ഹോട്ടലുകള്‍; അന്ന സാമ്പാറിന് ഏപ്രിലില്‍ കൂടിയത് 10 രൂപയോളം; എങ്ങനെ പിടിച്ചു നില്‍ക്കും?

വീണ്ടും വിലകൂട്ടാൻ തയ്യാറെടുത്ത് ബെംഗളൂരുവിലെ ഹോട്ടലുകള്‍; അന്ന സാമ്പാറിന് ഏപ്രിലില്‍ കൂടിയത് 10 രൂപയോളം; എങ്ങനെ പിടിച്ചു നില്‍ക്കും?

ബെംഗളൂരു: ഏപ്രില്‍ മാസത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർദ്ധിച്ചപ്പോള്‍ ഹോട്ടലുകളില്‍ ആഹാര സാധനങ്ങള്‍ക്ക് 5 രൂപ മുതല്‍ 15 രൂപ വരെ വില കൂട്ടിയാണ് റെസ്റ്റോറന്റുകള്‍ പിടിച്ചു നിന്നത്.അന്ന സാമ്പാറിന് ഏതാണ്ട് 25 രൂപയുണ്ടായിരുന്നിടത്ത് ഏപ്രിലില്‍ 5 രൂപയോളം കൂടി. നിലവില്‍ 30 രൂപയാണ് മിക്കയിടത്തും വില. ചിലയിടങ്ങളില്‍ 35 രൂപ വരെ എടുക്കുന്നു. എഗ്ഗ് റൈസ് ഹാഫിന് നേരത്തെ 30 രൂപയായിരുന്നു. ഏപ്രിലില്‍ ഇത് 40 രൂപയുടെ മുകളിലെത്തി. പുളിയോഗരെക്ക് 30 രൂപയ്ക്ക് മുകളിലായി വില. നേരത്തെ 25 രൂപയാണ് പൊതുവെ വാങ്ങിയിരുന്നത്. ഇഡ്ഢലിക്ക് 15 രൂപയായിരുന്നത് ഇപ്പോള്‍ 20 രൂപയായി. ദോശക്ക് 10-15 രൂപയായിരുന്നിടത്ത് ഏപ്രിലിലെ എല്‍പിജി വിലക്കയറ്റത്തോടെ 10-20 രൂപയായി. ചായ ഇപ്പോള്‍ വില്‍ക്കുന്നത് 10-18 രൂപയ്ക്കാണ്.ഇന്ന് ഇരുട്ടടി പോലെ 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 993 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ധിക്കും. ബെംഗളൂരുവില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 3,152 രൂപ നല്‍കേണ്ടി വരും. ഈ വിലക്കയറ്റത്തില്‍ സാധനവില കൂട്ടിയല്ലാതെ വ്യാപാരികള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല. പക്ഷെ എത്രത്തോളം വില കൂട്ടാനാകും? പലയിടത്തും ഇതിനകം തന്നെ 18 രൂപയായി മാറിയ ചായയുടെ വില 25 രൂപയാക്കി ഉയർത്തിയാല്‍ അത് വില്‍പ്പനയില്‍ ഇടിവ് വരുത്തും. എങ്കിലും വില കൂട്ടാതെ രക്ഷയില്ല എന്നാണ് ബെംഗളൂരുവിലെ വ്യാപാരികള്‍ പറയുന്നത്. ‘റെസ്റ്റോറന്റുകളിലും ഭക്ഷണശാലകളിലും എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വിലവർദ്ധന അനിവാര്യമാണ്,’ എന്ന് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷൻ പ്രസിഡന്റ് പിസി റാവു പറയുന്നു.ബെംഗളൂരുവിലെ ഹോട്ടലുകളില്‍ ഏപ്രില്‍ മാസത്തെ എല്‍പിജി വില വർദ്ധനയ്ക്ക് ശേഷം ഭക്ഷണ നിരക്കില്‍ ശരാശരി 10% മുതല്‍ 15% വരെ വർദ്ധനവ് ഉണ്ടായിരുന്നു. ചായ/കാപ്പി എന്നിവയ്ക്ക് 2 രൂപ മുതല്‍ 5 രൂപ വരെ ശരാശരി വർധനയുണ്ടായി. ഇഡ്ഡലിക്ക് 3 മുതല്‍ 10 രൂപ വരെ വർദ്ധന ഉണ്ടായി. ദോശയ്ക്ക് 3 രൂപ മുതല്‍ 15 രൂപ വരെ വില വർദ്ധിച്ചു. ഊണ്/റൈസ് ഐറ്റംസിന് 5 രൂപ മുതല്‍ 15 രൂപ വരെ വില കൂടി.

എല്‍പിജിക്ക് പുറമെ പാചക എണ്ണ, പാല്‍, പച്ചക്കറികള്‍ എന്നിവയുടെ വിലക്കയറ്റവും ഇതോടൊപ്പം പരിഗണിക്കണം.വിലകള്‍ ഉയരുന്നത് എത്രവരെയെന്ന് ഇനി കണ്ടറിയണം. ഹോട്ടലുകള്‍ക്ക് പിടിച്ചു നില്‍ക്കാൻ അന്ന സാമ്പാറിന് എത്ര രൂപ വരെ വില കയറാം? 30 രൂപയില്‍ നിന്ന് 50-60 രൂപയിലേക്ക് അന്ന സാമ്പാറിന്റെ വില ഉയർന്നാല്‍ ബെംഗളൂരുവില്‍ പിജികളില്‍ താമസിച്ച്‌ പഠിക്കുന്നവരും, ജോലി ചെയ്യുന്നവരുമായ യുവാക്കള്‍ പ്രതിസന്ധിയിലാകും എന്നുറപ്പാണ്. ഈ വിലക്കയറ്റത്തിന് ആനുപാതികമായ ശമ്പളവർധന ഉണ്ടാകുമോയെന്നതും പ്രശ്നമാണ്. നഗരത്തില്‍ ഭക്ഷണമടക്കം നല്‍കുന്ന പിജികളില്‍ മാസം നല്‍കുന്ന വാടകയില്‍ വലിയ തോതിലുള്ള വർധനയും പ്രതീക്ഷിക്കാവുന്നതാണ്.ഇതിനെല്ലാം പുറമെ അഞ്ച് കിലോ സിലിണ്ടറിന്റെ വിലയും ഉയർന്നിട്ടുണ്ട്. വീടുകളില്‍ വാടകയ്ക്ക് താമസിക്കുന്ന ബാച്ച്‌ലേഴ്സിനെ ഈ വിലക്കയറ്റം നന്നായി ബാധിക്കും. 216 രൂപയുടെ വർധനയാണ് വിലയിലുണ്ടായിരിക്കുന്നത്. നേരത്തെ ഈ സിലിണ്ടറുകള്‍ക്ക് ക്ഷാമമുണ്ടായിരുന്നു. ഈ പ്രശ്നം ഏതാണ്ട് പരിഹരിക്കപ്പെട്ടപ്പോഴാണ് ഇടിത്തീയായി വില കൂട്ടിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group