തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.ദില്ലിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകള്‍ക്കും നേതൃത്വ തർക്കങ്ങള്‍ക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ‘ആരാണ് മുഖ്യമന്ത്രി?’ എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്.
11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ചർച്ചകള്‍ക്ക് വിരാമമിട്ട് ഹൈക്കമാൻഡ് സതീശന്റെ പേരില്‍ മുദ്രവെച്ചിരിക്കുകയാണ്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളില്‍ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖമായി മുന്നില്‍ നിന്നതും എല്‍ഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് അടക്കമുള്ള വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മുസ്ലിം ലീഗിന് നിർണായക വകുപ്പുകള്‍ ലഭിക്കുമെന്നാണ് സൂചന.