ഗ്രേറ്റർ ബെംഗളൂരു മേഖലയ്ക്കായി കരട് പാർക്കിംഗ് നയം വിജ്ഞാപനം ചെയ്ത് കർണാടക സർക്കാർ. ഇതോടെ ബെംഗളൂരില്‍ ഇനി വാഹനപാർക്കിംഗിന് കൂടുതല്‍ തുക നല്‍കേണ്ടി വരും.റെസിഡൻഷ്യല്‍ പ്രദേശങ്ങളിലും അല്ലാത്ത റോഡുകളിലും ഇത് ബാധകമാകും.പുതിയ ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിംഗ്) റൂള്‍സ് 2026 പ്രകാരം റെസിഡൻഷ്യല്‍ പാർക്കിംഗിന് പ്രതിവർഷം 15000ത്തിനും 25000ത്തിനും ഇടയില്‍ തുക നല്‍കേണ്ടി വരും. കാറുകളുടെ വലിപ്പം അനുസരിച്ച് തുക വ്യത്യാസപ്പെടും. ചെറിയ കാറുകള്‍ക്ക് 15,000 വരേയും സെഡാൻ കാറുകള്‍ക്ക് 20,000 വരേയും എസ് യു വികള്‍ക്ക് 25000 വരേയുമായിരിക്കും ഈടാക്കുക.
അതേസമയം നോണ്‍ റെസിഡെൻഷ്യല്‍ ഏരിയകളില്‍ കാറുകള്‍ക്ക് മണിക്കൂറിന് 40 രൂപ മുതല്‍ 80 രൂപ വരെ ഈടാക്കും. ഇരുചക്രവാഹനങ്ങള്‍ക്ക് 20 വരെ 40 വരേയും. റോഡുകള്‍ക്ക് അനുസരിച്ച് നിരക്കില്‍ മാറ്റം വരും.സി കാറ്റഗറിയിലുള്ള റോഡുകളിലെ ഓണ്‍ സ്ട്രീറ്റ് പാർക്കിംഗിന് 40 രൂപ വരെയായിരിക്കും ഈടാക്കുക. ബി കാറ്റഗറി റോഡുകളില്‍ 60 രൂപയും എ കാറ്റഗറി റോഡുകളില്‍ 80 രൂപയും വീതമാണ് ഈടാക്കുക. ഇരുചക്രവാഹനങ്ങള്‍ക്ക് ഇത് യഥാക്രമം മണിക്കൂറിന് 20,30, 40 രൂപയുമായിരിക്കും.അതേലമയം റോഡുകള്‍ക്ക് പുറത്ത് ‘ഓഫ് സ്ട്രീറ്റ് പാർക്കിംഗിന്’ നിരക്ക് കുറവായിരിക്കും. കാറുകള്‍ക്ക് മണിക്കൂറിന് 20 മുതല്‍ 40 രൂപ വരേയും ഇരുചക്രവാഹനങ്ങള്‍ക്ക് 10 മുതല്‍ 20 രൂപ വരേയുമാണ് ഈടാക്കുക. പ്രതിമാസം 1000 രൂപ മുതല്‍ 4000 രൂപവരെയായിരിക്കും ഇത്. രാത്രി എട്ടിനും പത്തിനും ഇടയില്‍ ഉള്ള പ്രതിമാസ പാർക്കിംഗിന് 50 ശതമാനം വരെ ഇളവ് ലഭിക്കും.
റോഡുകളില്‍ കൂടുതല്‍ സമയം പാർക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനായി 2 മണിക്കൂറിന് മുകളില്‍ സമയം പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കണമെന്നും കരട് നിർദേശത്തില്‍ പറയുന്നുണ്ട്. അതേസമയം സർക്കാർ നീക്കം ബെംഗളൂരിലെ പാർക്കിംഗ് സംവിധാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമങ്ങള്‍ കൂടുതല്‍ കർശനമാകുന്നതോടെ സർക്കാർ നിർദേശിക്കുന്ന ഇടങ്ങളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. അതേസമയം കരട് വിജ്ഞാപനത്തിന്മേല് 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് എതിർപ്പുകളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണെന്ന് സർക്കാർ അറിയിച്ചു.