പറവൂര്‍: മുറവന്‍തുരുത്തില്‍ യുവാവ് പെണ്‍സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി ദാരുണമായി കുത്തിക്കൊലപ്പെടുത്തി.ആലുവ എടത്തല എന്‍.എ.ഡി. കവല പുറത്തുപാറ വീട്ടില്‍ പി.എസ്. സുരമ്യയാണ് (24) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കര മുറവന്‍തുരുത്ത് കോലഞ്ചേരി വീട്ടില്‍ ഷിബിനെ (34) വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാവിലെ 11.30-ഓടെ മുറവന്‍തുരുത്ത് ചെറുപാലത്തിന് സമീപമുള്ള ഷിബിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നേരത്തേ അടുപ്പത്തിലായിരുന്ന ഇരുവരും തമ്മില്‍ നാലു മാസങ്ങള്‍ക്കു മുന്‍പ് അകന്നിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കുന്നതില്‍ ഷിബിന് താല്പര്യമുണ്ടായിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്ന് ഉറപ്പുനല്‍കിയാണ് ഷിബിന്‍ സുരമ്യയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.ആലുവ ബാങ്ക് കവലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്ന സുരമ്യ, ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ തന്റെ ബൈക്കില്‍ കയറ്റി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വീടിനകത്തുവെച്ച് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ഷിബിന്‍ കത്തിയെടുത്ത് സുരമ്യയെ കുത്തുകയുമായിരുന്നു. സംഭവസമയത്ത് ഷിബിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു.കൃത്യത്തിനു ശേഷം വീടുവിട്ടിറങ്ങിയ ഷിബിന്‍ വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ച് കീഴടങ്ങി.
വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്തത്തില്‍ കുളിച്ചുകിടന്ന സുരമ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണം. കുത്തുന്നതിനിടെയുണ്ടായ പിടിവലിയില്‍ ഷിബിന്റെ രണ്ടു കൈപ്പത്തികള്‍ക്കും മുറിവേറ്റിട്ടുണ്ട്.ശശികുമാറിന്റെയും സബിതയുടെയും മകളായ സുരമ്യ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡായ പൂക്കാട്ടുമുകളില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. സൂരജ് സഹോദരനാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.