ബെംഗളൂരു: ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജുകള്‍ സംഘടിപ്പിക്കുന്ന പഠനയാത്രകളില്‍ വിദ്യാർത്ഥികള്‍ സെല്‍ഫിയെടുക്കുന്നതും റീല്‍സുകള്‍ ചിത്രീകരിക്കുന്നതും നിരോധിച്ച് കർണാടക സർക്കാർ.വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി കോളേജ് വിദ്യാഭ്യാസ വകുപ്പാണ് കർശന നിയന്ത്രണങ്ങളോടെയുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. യാത്രയും ഉള്‍പ്പെടെ സ്റ്റഡി ടൂറുകളുടെ പരമാവധി ദൈർഘ്യം അഞ്ച് ദിവസമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.യാത്ര ആരംഭിക്കുന്നതിന് മുമ്പ് പ്രിൻസിപ്പല്‍മാർ വിദ്യാർത്ഥികള്‍ക്ക് ഈ സുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കണം.

അംഗീകൃത യാത്രാ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താനോ നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങള്‍ സന്ദർശിക്കാനോ പാടില്ല. മണ്‍സൂണ്‍ സമയത്ത് യാത്രകള്‍ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. പുഴകള്‍, കടലുകള്‍, വെള്ളച്ചാട്ടങ്ങള്‍, വനങ്ങള്‍ തുടങ്ങിയ അപകട സാധ്യതയുള്ള ഇടങ്ങളില്‍ ട്രെക്കിംഗിനോ നീന്തലിനോ പോകുന്നതിന് വിദഗ്ദ്ധരുടെ സേവനവും പ്രാദേശിക സുരക്ഷാ അനുമതികളും നിർബന്ധമാക്കിയിട്ടുണ്ട്.കൂടാതെ, യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ അതത് പ്രദേശത്തെ പോലീസിനെ മുൻകൂട്ടി അറിയിക്കണം. കുറഞ്ഞത് ഒരു സ്ഥിരം അധ്യാപകനെങ്കിലും സംഘത്തോടൊപ്പം ഉണ്ടാകണം. ഗസ്റ്റ് ലക്ചറർമാരുടെ മാത്രം മേല്‍നോട്ടത്തില്‍ ടൂറുകള്‍ അനുവദിക്കില്ല. യാത്രയില്‍ ഒപ്പമുണ്ടാകുന്ന ജീവനക്കാരുടെ എണ്ണം നാലായി നിജപ്പെടുത്തിയിട്ടുണ്ട്; ഇതില്‍ രണ്ട് വനിതാ അധ്യാപകരും ഒരു ഗ്രൂപ്പ് ഡി ജീവനക്കാരനും ഉള്‍പ്പെടണം.