Home കർണാടക ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് വെറും രണ്ട് മണിക്കൂര്‍; മൂന്ന് സംസ്ഥാനങ്ങളിലൂടെ മിന്നല്‍ യാത്ര, ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പിന്തുണ നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് വെറും രണ്ട് മണിക്കൂര്‍; മൂന്ന് സംസ്ഥാനങ്ങളിലൂടെ മിന്നല്‍ യാത്ര, ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പിന്തുണ നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ യാത്രാ സംവിധാനങ്ങള്‍ക്ക് കരുത്ത് വർധിപ്പിച്ച്‌ ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടി.കർണാടക മന്ത്രിസഭ ബെംഗളൂരു – ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതി പൂർത്തിയാകുന്നതോടെ ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി കുറയും.കേന്ദ്ര ബജറ്റില്‍ പരാമർശിക്കപ്പെട്ട പദ്ധതി ഭൂമി ഏറ്റെടുക്കല്‍, റൂട്ട് അലൈൻമെന്റ്, അടിസ്ഥാന സൗകര്യ ഏകോപനം എന്നിവയില്‍ കൂടിയാലോചനകള്‍ ആരംഭിച്ചതോടെ ഇപ്പോള്‍ വിശദമായ ആസൂത്രണത്തിലേക്ക് നീങ്ങുകയാണ്. ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പൂർണ പിന്തുണ നല്‍കുമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എംബി പാട്ടീല്‍ പറഞ്ഞു.

നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ ഇടനാഴി സുഗമവും വേഗത്തിലുള്ളതുമായ ഒരു ബദല്‍ നല്‍കും. ബെംഗളൂരു – ഹൈദരാബാദ് നഗരങ്ങള്‍ക്ക് ഇടയിലുള്ള യാത്രാ സമയം കുറയുന്നതിനൊപ്പം പ്രാദേശിക വികസനം ഉള്‍പ്പെടെയുള്ളവ സാധ്യമാകും. നിലവില്‍ ഐടി നഗരമായ ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയിലുള്ള ട്രെയിൻ യാത്രാ സമയം 8 മുതല്‍ 12 മണിക്കൂർ വരെ എടുക്കും. നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ ഇടനാഴി വരുന്നതോടെ സുഗമവും വേഗത്തിലുള്ളതുമായ ബദല്‍ യാത്രാ ഒരുക്കും. അതിനൊപ്പം ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സംയോജനം ശക്തിപ്പെടുത്താൻ പദ്ധതിക്ക് സാധിക്കും.മൂന്ന് സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളാൻ സാധിക്കുന്നതാണ് നിർദ്ദിഷ്ട പാത. അതിവേഗ റെയില്‍ ഇടനാഴി ഏകദേശം 626 കിലോമീറ്റർ ദൈർഘ്യമുള്ളതും കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതുമാണ്. ഏകദേശം 101 കിലോമീറ്റർ ട്രാക്ക് കർണാടകയിലൂടെയാകും കടന്നുപോകുക. കർണാടകയില്‍ മൂന്നോളം സ്റ്റേഷനുകള്‍ ഉണ്ടാകും.

ഗൗരിബിദാനൂർ താലൂക്കിലെ അലിപുര, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളി, ബെംഗളൂരു റൂറല്‍ ജില്ലയിലെ കോടിഹള്ളി എന്നിവടങ്ങളിലാകും സ്റ്റേഷനുകള്‍ ഉയരുക. ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് വിമാനത്താവള കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്താൻ ദേവനഹള്ളി സ്റ്റേഷന് കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ആന്ധ്രാ പ്രദേശിലെ ഹിന്ദുപൂർ, അനന്തപൂർ, കർനൂള്‍ എന്നിവടങ്ങളിലും തെലങ്കാനയിലെ മഹബൂബ് നഗറിലും സ്റ്റേഷനുകള്‍ ഉണ്ടാകും. മൂന്ന് സംസ്ഥാനങ്ങളിലായി ഏകദേശം 12 സ്റ്റേഷനുകള്‍ ഉണ്ടാകുമെന്ന സൂചനകളാണ് അധികൃതർ നല്‍കുന്നത്. നിർദിഷ്ട ഇടനാഴിയില്‍ മണിക്കൂറില്‍ 350 കിലോമീറ്റർ വേഗതയില്‍ ഓടാൻ സാധിക്കുന്നതാകും ബുള്ളറ്റ് ട്രെയിൻ. ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ഭൂരിഭാഗവും ഉയർന്ന ട്രാക്കുകളിലാണ് സഞ്ചരിക്കുക.

ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ അതിവേഗ റെയില്‍ ഇടനാഴികള്‍ക്കായി വിശദമായ പദ്ധതി റിപ്പോർട്ടുകള്‍ (ഡിപിആർ) തയ്യാറാക്കുന്നതിന് കേന്ദ്ര സർക്കാർ ഇതിനകം അംഗീകാരം നല്‍കി. ഹൈദരാബാദ് – ബെംഗളൂരു റൂട്ടിനായുള്ള പ്രാഥമിക സർവേ പ്രവർത്തനങ്ങള്‍ RITES ലിമിറ്റഡ് പൂർത്തിയാക്കിയതായി റിപ്പോർട്ടുണ്ട്. 2025 സെപ്റ്റംബറിനും 2027 മാർച്ചിനും ഇടയില്‍ ഡിപിആർ അന്തിമമാക്കുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അതേസമയം, കൊടിഹള്ളി ഒരു പ്രധാന ഇന്റർചേഞ്ച് ഹബ്ബായി ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. ഭാവിയില്‍ ഇത് നിർദിഷ്ട ബെംഗളൂരു – ചെന്നൈ അതിവേഗ റെയില്‍ ഇടനാഴിയുമായി ബന്ധിപ്പിക്കപ്പെടാം.പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നിർണായകമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ഏകോപനം, അംഗീകാരങ്ങള്‍, ഭരണപരമായ അനുമതികള്‍ എന്നിവ വേഗത്തിലാക്കാൻ ഒരു നോഡല്‍ ഓഫീസറെ നിയമിക്കാൻ കേന്ദ്രം കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നല്‍കുമെന്ന് മന്ത്രി എംബി പാട്ടീല്‍ പറഞ്ഞു. പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ ബെംഗളൂരു – ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ ദക്ഷിണേന്ത്യയിലെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഒന്നായി മാറും.പദ്ധതി യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ വാണിജ്യ വികസനത്തിന് കാരണമാകും. പദ്ധതി ഭാവിയില്‍ മറ്റ് നിർദിഷ്ട അതിവേഗ റെയില്‍ ഇടനാഴികളുമായി സംയോജിപ്പിക്കുന്നതിനും ദക്ഷിണേന്ത്യയിലുടനീളം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന വലിയ ബുള്ളറ്റ് ട്രെയിൻ ശൃംഖല സൃഷ്ടിക്കുന്നതിനും കാരണമാകും.

You may also like

error: Content is protected !!
Join Our WhatsApp Group