ബംഗളൂരു: പാർക്ക് ചെയ്തിരിക്കുന്ന തങ്ങളുടെ ആഡംബര കാറുകള്‍ക്ക് മുകളില്‍ ഇലകള്‍ വീണ് വൃത്തികേടാകാതിരിക്കാൻ ബംഗളൂരുവില്‍ ഫ്ലാറ്റ് നിവാസികള്‍ 20 വർഷം പഴക്കമുള്ള വലിയ മരങ്ങള്‍ വെട്ടിമാറ്റിയത് വൻ വിവാദമാകുന്നു.നഗരങ്ങളിലെ താപനില ക്രമാതീതമായി ഉയരുന്ന ‘അർബൻ ഹീറ്റ് ഐലൻഡ്’ പ്രതിഭാസവും പരിസ്ഥിതി ആഘാതവും രാജ്യം ചർച്ച ചെയ്യുന്നതിനിടയിലാണ് ഐടി നഗരത്തില്‍ നിന്നുള്ള ഈ സ്വാർത്ഥ നടപടി പുറത്തുവന്നത്. ഒരു പ്രമുഖ ഹൗസിംഗ് സൊസൈറ്റിയുടെ ഡ്രൈവ്‌വേയില്‍ മനോഹരമായി നിന്നിരുന്ന ബൊഗൈൻവില്ല മരങ്ങളാണ് രാഷ്ട്രീയ സ്വാധീനമുള്ള ചില താമസക്കാർ ചേർന്ന് മറ്റ് അന്തേവാസികളോട് ആലോചിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെ ക്രൂരമായി വെട്ടിനിരത്തിയത്. രാവിലെ ഉണർന്നെണീറ്റപ്പോള്‍ പച്ചപ്പുനിറഞ്ഞ പ്രദേശം വെറും വരണ്ട ഭൂമിയായി മാറിയത് കണ്ട് ഞെട്ടിയ ഒരു അന്തേവാസി ഇതിന്റെ ചിത്രങ്ങള്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായ ഈ പോസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള ജനരോഷമാണ് കുറ്റക്കാർക്കെതിരെ ഉയരുന്നത്. മരങ്ങള്‍ വെട്ടിമാറ്റിയതോടെ കടുത്ത വെയില്‍ നേരിട്ടടിച്ച് കാറുകളുടെ പെയിന്റ് കൂടുതല്‍ വേഗത്തില്‍ നശിക്കുമെന്നും മനുഷ്യന്റെ വിഡ്ഢിത്തത്തിന് ഉദാഹരണമാണിതെന്നും പലരും കമന്റ് ചെയ്തു. സമാനമായ രീതിയില്‍ കോറമംഗല, ഇന്ദിരാനഗർ തുടങ്ങിയ ബംഗളൂരുവിലെ പ്രമുഖ മേഖലകളില്‍ ഗതാഗതത്തിനോ പാർക്കിംഗിനോ തടസ്സമാകുന്നു എന്ന് ആരോപിച്ച് വൻമരങ്ങള്‍ക്ക് വിഷം കൊടുത്തും അല്ലാതെയും പ്രദേശവാസികള്‍ നശിപ്പിക്കാറുണ്ടെന്ന് മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു. പച്ചപ്പിനും കുളിർമയ്ക്കും പേരുകേട്ട ബംഗളൂരു നഗരത്തിലെ പ്രകൃതി സമ്പത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും പാർക്കിംഗ് സൗകര്യങ്ങള്‍ക്കുമായി ഇല്ലാതാക്കുന്ന നഗരവാസികളുടെ ക്രൂരമായ മനോഭാവത്തിനെതിരെ കടുത്ത നിയമനടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.