കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനം പ്രമാണിച്ച് വെള്ളിയാഴ്ച ബെംഗളൂരുവിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലുവരെ ഓൾഡ് എയർപോർട്ട് റോഡ്, മൈസൂരു റോഡ്, എൻ.ആർ. റോഡ്, നൃപതുംഗ റോഡ്, ശേഷാദ്രി റോഡ്, പാലസ് റോഡ്, റെയ്സ് കോഴ്സ് റോഡ്, കെങ്കേരിയിൽനിന്ന് കൊമ്മഗട്ടയിലേക്കുള്ള റോഡ് എന്നിവിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കും.
രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെ ടൗൺഹാളിനുമുമ്പിൽനിന്നും എൻ.ആർ. റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലേക്കും നയന്ദഹള്ളിയിൽനിന്നു നഗരത്തിലേക്കും കെങ്കേരിയിലേക്കും കുംബാല ഗോഡു മുതൽ കെങ്കേരിവരെയും വാഹനങ്ങൾ നിയന്ത്രിക്കും.
ചരക്കുവാഹനങ്ങൾ ലാൽബാഗ് റോഡ്-ഹൊസൂർ റോഡ്, നൈസ് റോഡ് വഴി കടന്നുപോകണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നയന്ദഹള്ളി ജങ്ഷനിൽനിന്നുള്ള ചരക്ക് വാഹനങ്ങൾ നാഗരഭാവി വഴിയും സുമനഹള്ളി റിങ് റോഡ് വഴിയും കടന്നുപോകണം. കുംബാലഗോഡിൽനിന്നും കെങ്കേരിയിൽനിന്നും നഗരത്തിലേക്കുവരുന്ന ചരക്കുവാഹനങ്ങൾ നൈസ് റോഡ് വഴി വരണം.
നിയമസഭാ തിരഞ്ഞെടുപ്പ്: : ഗദകിൽ രണ്ടുകോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു
ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കൊടുത്ത് സ്വാധീനിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമങ്ങൾ തടയാനുള്ള നടപടികൾ തുടങ്ങി. ഗദകിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ ലഹരിമരുന്നുകളുൾപ്പെടെ രണ്ടുകോടി രൂപയുടെ വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. വിവിധ ചെക്പോസ്റ്റുകളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്.
മുന്ദരാഗി ചെക്പോസ്റ്റിൽ നിന്ന് 15 ലക്ഷം രൂപയും കഞ്ചാവും ഗദഗ് റൂറൽ ചെക്പോസ്റ്റിൽനിന്ന് 1.75 കോടി രൂപയുടെ സ്വർണവും ബസപുർ ചെക്പോസ്റ്റിൽനിന്ന് 24 ലക്ഷം രൂപയും പിടിച്ചെടുത്തു. 500 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്ത പണത്തിൽ കൂടുതലും. മുന്ദരാഗി ചെക് പോസ്റ്റിൽനിന്ന് പാക്കറ്റുകളിലാക്കിയ കഞ്ചാവാണ് പിടിച്ചെടുത്തത്. ബെലഗാവിയിൽ 38 ലക്ഷം രൂപ വിലമതിക്കുന്ന സാരികളും 12 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു.
കുറച്ചു ദിവസം മുമ്പ് ലഹരിമരുന്നും മദ്യവുമടക്കം എട്ടുകോടിരൂപ വിലവരുന്ന വസ്തുക്കൾ തിരഞ്ഞെടുപ്പു കമ്മിഷൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിടിച്ചെടുത്തിരുന്നു. പണമായി 1.2 കോടിയും 2.66 കോടിയുടെ മദ്യവും 1.88 കോടിയുടെ ലഹരിമരുന്നുകളും 1.9 കോടിയുടെ ആഭരണങ്ങളും 1.58 കോടിയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായിരുന്നു പിടിച്ചെടുത്തത്. ഈ മാസം ആദ്യം കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംസ്ഥാനത്തെത്തിയപ്പോൾ പരിശോധന ശക്തമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.