മൈസൂരു ഹുൻസൂരിനടുത്ത് ബിലിക്കെരെയില്‍ മലയാളി യാത്രക്കാർക്കു നേരെ മോഷണശ്രമം. ബംഗളൂരുവില്‍നിന്ന് കണ്ണൂർ വളപട്ടണത്തേക്ക് പോവുകയായിരുന്ന യാത്രസംഘത്തിനു നേരെയായിരുന്നു ബിലിക്കെരെയിലെ വിജനമായ പ്രദേശത്തുവെച്ച് കൊള്ളസംഘം പിന്തുടർന്ന് കൊള്ളയടിക്കാൻ ശ്രമിച്ചത്.ചൊവ്വാഴ്ച രാത്രി മൂന്നിനാണ് സംഭവം. വാഹനം സഞ്ചരിക്കുന്നതിനിടെ പിന്നാലെയെത്തിയ സംഘം വലതു വശത്തെ ഗ്ലാസ് പൊട്ടിച്ചുകൊണ്ട് വാഹനം നിർത്താനാവശ്യപ്പെടുകയായിരുന്നു.
മോഷണശ്രമമാണെന്ന് സംശയം തോന്നിയ ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ടെടുത്തതോടെ കൊള്ളസംഘം അവരുടെ വാഹനം റോഡിന് കുറുകെയിട്ട് യാത്ര സംഘത്തെ തടഞ്ഞുനിർത്തുകയായിരുന്നു. പുറത്തിറങ്ങിയ കൊള്ളസംഘം വാഹനത്തിന്റെ വാതിലുകള്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ സാഹസികമായി വാഹനം മുന്നോട്ടെടുത്തു. തുടർന്ന് മൂന്ന് കിലോമീറ്ററോളം പിന്തുടർന്ന മോഷ്ടാക്കള്‍ വാഹനത്തെ ഇടിച്ചു വീഴ്ത്താനും ശ്രമിച്ചെന്ന് ഡ്രൈവർ പറയുന്നു. തുടർന്ന് വെളിച്ചമുള്ള പ്രദേശത്ത് നിർത്തിയപ്പോള്‍ സ്ഥലത്തെത്തിയ പൊലീസ് കൊള്ളസംഘത്തിന്റെ ഭാഗത്തുനിന്നാണ് സംസാരിച്ചതെന്നും യാത്രക്കാർ പറയുന്നു.
തുടർന്ന് ബിലിക്കെരെ സ്റ്റേഷനിലേക്ക് സംഘത്തെ കൊണ്ടുപോയ പൊലീസ് ഉച്ചക്ക് മൂന്നുവരെ അവിടെ നിർത്തിയെന്നും പറഞ്ഞു. വാഹനത്തിന് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകളായ കണ്ണൂർ ഫോക്സി ഹോളിഡേയ്സ് മാനേജർ ആഖിബ് പറഞ്ഞു. കണ്ണൂർ സ്വദേശിയായ ഡ്രൈവർ ശംസുദ്ദീന്റെ മനോധൈര്യമാണ് കൊള്ളക്കാരില്‍നിന്ന് യാത്രക്കാരെ രക്ഷിച്ചത്. ഹുൻസൂർ, നഞ്ചൻകോട് ഭാഗങ്ങളിലും മൈസൂരു -ബംഗളൂരു ദേശീയപാതയിലും മലയാളി യാത്രക്കാരെ കൊള്ളയടിക്കുന്നത് വർഷങ്ങളായി തുടരുന്നതാണ്. സംഭവത്തില്‍ ചിലപ്പോള്‍ അന്വേഷണങ്ങള്‍ നടക്കുമെങ്കിലും മിക്കപ്പോഴും പ്രതികളെ പിടിക്കാറില്ല.