യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. എസ്എംവിടി ബെംഗളൂരു സ്റ്റേഷനിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഓരോ സർവീസാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ക്രിസ്മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഇന്നലെയാണ് ട്രെയിൻ പ്രഖ്യാപിച്ചത്. ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള സർവീസ് ഇന്നും മടക്കയാത്ര നാളെയുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സർവീസ് വിശദമായി അറിയാം.
ട്രെയിൻ നമ്പർ 06569 എസ്എംവിടി ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ ട്രെിൻ ഇന്ന് ഉച്ചതിരിഞ്ഞ് 03:50നാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക. നാളെ രാവിലെ 10:05ന് ട്രെയിൻ കൊച്ചുവേളിയിലെത്തും. 17 സ്റ്റോപ്പുകളുള്ള ട്രെയിൻ ഇന്ന് അർധരാത്രി 12:05നാണ് ട്രെയിൻ പാലക്കാട് സ്റ്റേഷനിലെത്തിച്ചേരുക. ഇതുൾപ്പെടെ 11 സ്റ്റോപ്പുകളാണ് കേരളത്തിൽ ഈ ട്രെയിനിനുള്ളത്.പാലക്കാട് നിന്ന് 12:15ന് പുറപ്പെടുന്ന ട്രെയിൻ 01:55 തൃശൂർ, 02:56 ആലുവ, 03:30 എറണാകുളം, 04:45 കോട്ടയം, 05:05 ചങ്ങനാശേരി, 05:15 തിരുവല്ല, 05:28 ചെങ്ങന്നൂർ, 05:45 മാവേലിക്കര, 07:00 കായംകുളം, 08:28 കൊല്ലം സ്റ്റേഷനുകൾ പിന്നിട്ട് 10:05ന് കൊച്ചുവേളിയിലെത്തിച്ചേരും.
സ്പെഷ്യൽ ട്രെയിനിന്‍റെ മടക്കയാത്ര 06570 കൊച്ചുവേളി – ബെംഗളൂരു സർവീസ് നാളെ ഉച്ചയ്ക്ക് 12:35ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് മറ്റന്നാൾ പുലർച്ചെ 03:55ന് ബെംഗളൂരുവിലെത്തും. കൊല്ലം 01:27, കായംകുളം 02:03, മാവേലിക്കര 02:16, ചെങ്ങന്നൂർ 02:28, തിരുവല്ല 02:39, ചങ്ങനാശേരി 02:48, കോട്ടയം 03:07, എറണാകുളം 04:20, ആലുവ 04:45, തൃശൂർ 06:11, പാലക്കാട് 07:35 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ മടക്കയാത്രയിൽ ട്രെയിൻ എത്തുന്ന സമയം.
ഒരു എസി ടു ടയർ കോച്ച്, രണ്ട് എസി ത്രീ ടയർ കോച്ച്, ഒൻപത് സ്ലീപ്പർ ക്ലാസ് കോച്ച്, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. നേരത്തെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റിസർവേഷൻ കോച്ചുകളിലുൾപ്പെടെ യാത്രക്കാർ ഇടിച്ചുകയറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു സ്പെഷ്യൽ ട്രെയിൻ സതേൺ റെയിൽവേ പ്രഖ്യാപിച്ചത്.