Home Featured ബെംഗളൂരു: നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ട്രാഫിക് നിയന്ത്രണം; നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം

ബെംഗളൂരു: നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ട്രാഫിക് നിയന്ത്രണം; നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം

by admin

ബെംഗളൂരു∙ നഗര വ്യാപകമായി വിവിധ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ട്രാഫിക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മെട്രോ നിർമാണവും റോഡ് വീതി കൂട്ടലുകളുമാണ് കുരുക്ക് രൂക്ഷമാക്കുന്നത്.പനത്തൂർ റെയിൽവേ ബ്രിജിനു സമീപം റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുണ്ട്. ഇതേ റോഡിന്റെ മറ്റൊരു ഭാഗത്ത് ഊർജ വകുപ്പിന്റെ കേബിളുകൾ സ്ഥാപിക്കുന്നതും ഗതാഗത കുരുക്കിനു കാരണമായി.ഒപ്പം റോഡ് വീതിക്കൂട്ടുന്നതിനായി കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതും പുരോഗമിക്കുകയാണ്.ഔട്ടർ റിങ് റോഡിൽ സേലം റെയിൽവേ പാലത്തിനു സമീപം മെട്രോ നിർമാണം വാഹന ഗതാഗതത്തെ ബാധിച്ചു.

മഹാദേവപുരയിൽ നിന്നു മാറത്തഹള്ളിയിലേക്കു എത്താൻ മണിക്കൂറുകളോളം നീണ്ട കുരുക്കിനാണു ഇതു വഴിയൊരുക്കുന്നത്.ഔട്ടർ റിങ് റോഡിലെ മാറത്തഹള്ളിയിൽ നിന്നു കാടുബീസനഹള്ളിയിലേക്കുള്ള സർവീസ് റോഡിൽ മഴവെള്ളക്കനാൽ നവീകരണവും കുരുക്കിനു കാരണമാകുന്നു. റോഡ് നവീകരണത്തെ തുടർന്ന് ബലന്ദൂർ കൊടിയിൽനിന്നു സാക്ര ആശുപത്രിയിലേക്കു റോഡിലെ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. കല്യാണി ടെക് പാർക്ക് സർവീസ് റോഡ്, ദൊഡ്ഡനകുണ്ഡി ഉൾപ്പെടെ റോഡ് നവീകരണം ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.

തടസ്സമായി മാലിന്യങ്ങളും: നമ്മ മെട്രോ നിർമാണത്തിന്റെ ഭാഗമായുള്ള മാലിന്യങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ റോഡരികിൽ കൂട്ടിയിടുന്നതായി പരാതിയുണ്ട്. പോട്ടറി റോഡ്, മഹാദേവപുര ഉൾപ്പെടെ ആക്ഷേപം ഉയരുന്നുണ്ട്. ഇതു ഗതാഗതക്കുരുക്ക് വർധിക്കാനും അപകടങ്ങൾക്കും കാരണമാകുന്നു. ഒപ്പം നഗര വ്യാപകമായി വായു മലിനീകരണം വർധിക്കാനും മെട്രോ നിർമാണം കാരണമാകുന്നതായി ബിഎംആർസി തന്നെ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

രാത്രിയിൽ പണി നടത്തണമെന്ന് ആവശ്യം: ഗതാഗത കുരുക്ക് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നിർമാണം പൂർണമായും രാത്രിയിലേക്കു മാറ്റണമെന്ന ആവശ്യം ശക്തമാണ്. തിരക്കേറിയ രാവിലെയും വൈകിട്ടും എങ്കിലും ഇവ ഒഴിവാക്കേണ്ടതുണ്ട്. നേരത്തേ റോഡുകളുടെ കുഴികൾ അടയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ രാത്രിയിൽ നടത്തിയിരുന്നു. എന്നാൽ ഇതു തുടരാത്തതാണ് തിരിച്ചടിയായത്.

You may also like

error: Content is protected !!
Join Our WhatsApp Group