ബംഗളൂരു: കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബാരെ ആന ക്യാമ്ബില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ആന ക്യാമ്ബിലെ ആനക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കാട്ടാന മേഖലയില്‍ കറങ്ങിനടക്കുന്നതിനാല്‍ സഞ്ചാരികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് രണ്ടു ദിവസത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റ ഗോപി എന്ന ആനക്ക് ചികിത്സ ലഭ്യമാക്കിവരുകയാണ്. മടിക്കേരി ഡിവിഷന്‍ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എ.ടി. പൂവയ്യ, സോമവാര്‍പേട്ട് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗോപാല്‍, കുശാല്‍ നഗര്‍ സോണല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.വി. ശിവറാം തുടങ്ങിയവര്‍ ദുബാരെ ക്യാമ്ബിലെത്തി. ആക്രമണം നടത്തിയ കാട്ടാനയെ പിടികൂടാന്‍ വനംവകുപ്പ് ശ്രമം ഊര്‍ജിതമാക്കി.
സാന്‍ട്രോ രവി കൊച്ചിയിലും ഒളിവില്‍ കഴിഞ്ഞു
ബംഗളൂരു: കുപ്രസിദ്ധ ഇടനിലക്കാരന്‍ സാന്‍ട്രോ രവി കൊച്ചിയിലും ഒളിവില്‍ കഴിഞ്ഞതായി എ.ഡി.ജി.പി അലോക് കുമാര്‍ പറഞ്ഞു.സാന്‍ട്രോ രവിയുടെ സഹായികളായ ശ്രുതേഷ്, മധുസൂദന്‍ എന്നിവരെ മൈസൂരുവില്‍നിന്നും രാംജി എന്നയാളെ കൊച്ചിയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേരളമടക്കം ഏഴു സംസ്ഥാനങ്ങളിലായി നാലു പ്രത്യേക സംഘങ്ങളായാണ് പൊലീസ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്.
മീശ വടിച്ചും വിഗ് ഒഴിവാക്കിയും വേഷം മാറിയ പ്രതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഫോണ്‍ നമ്ബറും വാഹനവും വീടും മാറി, കൊച്ചിയില്‍നിന്ന് പുണെയിലേക്കും അവിടെനിന്ന് ഗുജറാത്തിലേക്കും കടക്കുകയായിരുന്നു. കേസെടുത്ത് 11 ദിവസത്തിനു ശേഷമാണ് സാന്‍ട്രോ രവിയെ അഹ്മദാബാദ് പൊലീസിന്റെ സഹായത്തോടെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിക്കെതിരെ നിലവില്‍ 28 കേസുകളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ മൈസൂരുവിലേക്ക് കൊണ്ടുവരും.ഇയാളുടെ രണ്ടാം ഭാര്യയായ ദലിത് യുവതി മൈസൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്ത്രീധന നിരോധന നിയമപ്രകാരം മൈസൂരു പൊലീസ് കേസെടുത്തതോടെയാണ് പ്രതി ഒളിവില്‍ പോയത്.
2019ല്‍ പ്രാദേശിക പത്രത്തില്‍ പരസ്യം കണ്ടാണ് പ്രതിയെ താന്‍ ബന്ധപ്പെട്ടതെന്നും ഇന്റര്‍വ്യൂവിന് ചെന്ന തന്നെ ലഹരിമരുന്ന് നല്‍കി മയക്കി ബലാത്സംഗം ചെയ്തതായും ഭീഷണിപ്പെടുത്തി വിവാഹം ചെയ്തതായും പരാതിയില്‍ പറയുന്നു. സാന്‍ട്രോ രവിയെ ഒഴിവാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തന്നെ കോട്ടണ്‍പേട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിച്ചതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള സാന്‍ട്രോ രവിക്കെതിരെ മുമ്ബും മനുഷ്യക്കടത്ത്, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസുകളുണ്ടായിരുന്നു. വാഹന മോഷണ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞശേഷം പുറത്തുവന്നതോടെയാണ് പെണ്‍കടത്ത് ഇയാള്‍ സജീവമാക്കിയത്.2005ല്‍ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ഇയാള്‍ ഒമ്ബതു മാസം ജയിലിലായിരുന്നു. മാണ്ഡ്യ ചാമുണ്ഡേശ്വരി നഗര്‍ സ്വദേശിയായ ഇയാള്‍ക്ക് മൈസൂരു ദത്തഗള്ളിയിലും ബംഗളൂരു ആര്‍.ആര്‍ നഗറിലും വീടുകളുണ്ട്. 2008ലാണ് ബംഗളൂരുവിലേക്ക് താമസം മാറ്റിയത്. ഇദ്ദേഹത്തിന്റെ പിതാവ് എക്സൈസ് വകുപ്പില്‍നിന്ന് അസി. കമീഷണറായി വിരമിച്ചയാളാണ്.