ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം കടല്‍ അസാധാരണമായി ഉള്‍വലിഞ്ഞു.ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. തീരത്തുനിന്ന് ഏകദേശം 70 അടിയോളം ദൂരത്തിലാണ് കടല്‍ പിന്നോട്ട് നീങ്ങിയത്. ഇതോടെ സാധാരണയായി വെള്ളത്തിനടിയില്‍ കാണാറുള്ള പായല്‍ പിടിച്ച വലിയ പാറക്കെട്ടുകള്‍ പുറത്തുവന്നു.മുരുകന്റെ പ്രധാനപ്പെട്ട ആറ് വാസസ്ഥലങ്ങളില്‍ ഒന്നായ ഇവിടെ ദിവസേന പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. കടല്‍ ഉള്‍വലിഞ്ഞതോടെ പുണ്യസ്നാനത്തിനെത്തിയ ഭക്തർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നല്കി. എന്നാല്‍ അമാവാസി, പൗർണ്ണമി ദിവസങ്ങളോട് അനുബന്ധിച്ചുണ്ടാകുന്ന സ്വാഭാവികമായ വേലിയേറ്റ വ്യതിയാനമാണിതെന്ന് അധികൃതർ വിശദീകരിച്ചു. വൈകുന്നേരത്തോടെ കടല്‍ പഴയ നിലയിലേക്ക് തിരിച്ചെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.