തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്.ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ‘ഡ്രൈ ഡേ’ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് സ്കൂളുകള്‍ കേന്ദ്രീകരിച്ചും, നാളെ സർക്കാർ ഓഫീസുകള്‍ കേന്ദ്രീകരിച്ചും, ഞായറാഴ്ച വീടുകളിലും പ്രത്യേക ശുചീകരണ യജ്ഞം നടക്കും.കോഴിക്കോട് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നയാളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം ഉടൻ ലഭ്യമാകും.സംസ്ഥാനത്ത് ഷിഗല്ല രോഗബാധ വർദ്ധിച്ചുവരികയാണ്. ഇന്നലെ മാത്രം 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഏകോപിത പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് സർക്കാർ തുടക്കമിടുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 52-കാരിയുടെ ആരോഗ്യസ്ഥിതി നിരീക്ഷണത്തിലാണ്. സൗത്ത് സുഡാനില്‍ നിന്നെത്തിയ ഇവർക്ക് പനി ബാധിച്ചതിനെത്തുടർന്ന് എബോള സംശയിച്ച് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. പകർച്ചവ്യാധികള്‍ക്കെതിരെ ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണമെന്നും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.