ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേവനഹള്ളിയില്‍ നിർമാണം പുരോഗമിക്കുന്ന എയർപോർട്ട് സിറ്റിയില്‍ ഒരുങ്ങുന്നത് അതിവിപുല സൗകര്യങ്ങള്‍.
20 ലക്ഷം അടിയുള്ള ബിസിനസ് പാർക്കും രണ്ട് ഹോട്ടലുകളും ഓഡിറ്റോറിയവും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഇവിടെയുണ്ടാകുക. എയർപോർട്ട് സിറ്റി നിർമാണം പൂർത്തിയാകുന്നതോടെ ഒട്ടേറെ സ്ഥാപനങ്ങള്‍ ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ആദ്യഘട്ടം 2026ലാണ് പൂർത്തിയാകുക.
വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബംഗളൂരു ഇന്റർനാഷനല്‍ എയർപോർട്ട് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡാണ് (ബി.എ.സി.എല്‍.) പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ത്രീഡി പ്രിന്റിങ് സ്ഥാപനം, ഭക്ഷണശാല എന്നിവ എയർപോർട്ട് സിറ്റിയില്‍ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളുടെയും ബിസിനസ് പാർക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും നിർമാണം പുരോഗമിക്കുകയാണെന്ന് ബി.എ.സി.എല്‍ അധികൃതർ അറിയിച്ചു.
രണ്ടു ഹോട്ടലുകളിലും ചേർന്ന് 775 മുറികളാണ് ഇവിടെയുണ്ടാകുക. വിവാന്ത, ജിഞ്ചർ എന്നീ ഗ്രൂപ്പുകളാണ് ഹോട്ടലുകള്‍ നടത്തുക. ബിസിനസ് ആവശ്യങ്ങള്‍ക്കെത്തുന്നവർക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാകും ഈ ഹോട്ടലുകളെന്നാണ് വിലയിരുത്തല്‍.
പുതുതായി നിർമിക്കുന്ന ഓഡിറ്റോറിയവും അത്യാധുനിക രീതിയിലാണ് പണിയുന്നത്. 10,000 ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും. സാംസ്കാരിക പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കാം. ഐ.ടി സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ രീതിയിലാണ് ബിസിനസ് സിറ്റിയുടെ നിർമാണം. വിനോദത്തിനുള്ള വിവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്ന് ബി.എ.സി.എല്‍. സി.ഇ.ഒ റാവു മനുകുട്‌ല പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ നിർദിഷ്ട മെട്രോ പാതയുമായും ബിസിനസ് സിറ്റിയെ ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.