Home കർണാടക രേണുകാസ്വാമി കൊലക്കേസ്: മാപ്പുസാക്ഷിയാകാൻ പ്രതി പ്രദോഷിന്റെ അപേക്ഷ; വിധി ഓഗസ്റ്റ് 10-ലേക്ക് മാറ്റി

രേണുകാസ്വാമി കൊലക്കേസ്: മാപ്പുസാക്ഷിയാകാൻ പ്രതി പ്രദോഷിന്റെ അപേക്ഷ; വിധി ഓഗസ്റ്റ് 10-ലേക്ക് മാറ്റി

by ടാർസ്യുസ്

ബെംഗളൂരു: കന്നഡ നടൻ ദർശൻ ഉള്‍പ്പെടെ നിരവധി പേർ പ്രതികളായ രേണുകാസ്വാമി കൊലക്കേസില്‍ നിർണായക വഴിത്തിരിവ്. കേസിലെ 14-ാം പ്രതിയായ പ്രദോഷ് എസ് (പ്രദോഷ് റാവു) മാപ്പുസാക്ഷി പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സിറ്റി സിവില്‍ ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചു.ഹർജിയില്‍ കോടതി വാദം കേട്ട ശേഷം വിധി ഓഗസ്റ്റ് 10-ലേക്ക് മാറ്റി. പ്രദോഷ് സമർപ്പിച്ച 11 പേജുള്ള ഹർജിയില്‍, കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും തെളിവ് നശിപ്പിച്ചതും ഉള്‍പ്പെടെ കേസിലെ മുഴുവൻ വിവരങ്ങളും സത്യസന്ധമായി വെളിപ്പെടുത്താൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ പ്രൊസീജർ കോഡിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

വിചാരണയ്ക്കിടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ പ്രദോഷിന് മാപ്പുസാക്ഷി പദവി നല്‍കുന്നതിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടെന്ന് കോടതിയെ അറിയിച്ചു. നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ച്‌ പൂർണമായ മൊഴി നല്‍കുന്ന പക്ഷം മാപ്പ് അനുവദിക്കാമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അതേസമയം, ദർശനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ ഹഷ്മത്ത് പാഷ അപേക്ഷയെ എതിർത്തു. പ്രതിഭാഗത്തിന് ഹർജിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും നിയമനടപടികള്‍ പൂർണമായി പാലിക്കാതെയാണ് മാപ്പ് നല്‍കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.

പ്രദോഷ് പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ ദർശനും മറ്റ് പ്രതികള്‍ക്കുമൊപ്പം പാർപ്പിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക സെല്ലിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ എട്ടാം പ്രതി രവിശങ്കറും പത്താം പ്രതി വിനയും മാപ്പുസാക്ഷിയാകാൻ അപേക്ഷ നല്‍കാൻ ഉദ്ദേശിക്കുന്നതായി അവരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. 2024 ജൂണില്‍ ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് ദർശനും മറ്റ് പ്രതികളും വിചാരണ നേരിടുന്നത്. സുപ്രീം കോടതി ദൈനംദിന വിചാരണയ്ക്ക് നിർദേശം നല്‍കിയതിനെ തുടർന്ന് കേസ് അതിവേഗം പരിഗണിച്ചുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group