ബെംഗളൂരു ∙ നടപ്പാതയിലെ ഡ്രൈവിങ് തടയാൻ റിഫ്ലക്ടർ ബൊള്ളാർഡുകൾ സ്ഥാപിച്ചുതുടങ്ങി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നടപ്പാത കയ്യേറ്റം തടയാനും നടപടി സഹായിക്കും. സ്കൂളുകൾക്കു സമീപമുള്ളവ ഉൾപ്പെടെ 32 റോഡുകളിലാണ് പദ്ധതി നടപ്പാക്കിയത്. സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിലെ ബസ് സ്റ്റാൻഡ്, ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്നു സ്കൂളിന്റെ പ്രവേശനകവാടം വരെ ഇവ സ്ഥാപിച്ചു. പദ്ധതി നടപ്പിലാക്കിയ റോഡുകളിൽ മല്ലേശ്വരം 18ത് ക്രോസും ഉൾപ്പെടുന്നു. ഈ ഭാഗത്ത് ഒട്ടേറെ സ്കൂളുകളുണ്ട്. കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ ആയിരക്കണക്കിനു കാൽനടയാത്രക്കാരാണ് ഇതിലെ പതിവായി സഞ്ചരിക്കുന്നത്.
മരണം പതിയിരിക്കുന്ന നടപ്പാതകൾ: ഈ വർഷം നവംബർ വരെ 1069 അപകടങ്ങളിലായി 217 കാൽനടയാത്രക്കാർ മരിച്ച സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുന്നത്.നടപ്പാതയിലൂടെ എത്തിയ ഇരുചക്രവാഹനങ്ങളാണ് മിക്ക അപകടങ്ങൾക്കും കാരണം. ഓൺലൈൻ ഡെലിവറി ആപ്പുകളിലെ ജീവനക്കാർ ഉൾപ്പെടെ പല ഇരുചക്രവാഹനയാത്രക്കരും ഗതാഗതക്കുരുക്കിൽപെടാതിരിക്കാൻ നടപ്പാതകളിലൂടെ വാഹനം ഓടിക്കാറുണ്ട്. 30 സിസിയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറുകളാണ് മിക്കയിടത്തും അപകടമുണ്ടാക്കിയത്.
പതിഞ്ഞ ശബ്ദത്തിൽ സഞ്ചരിക്കുന്ന ഇവ അടുത്തെത്തുന്നതു വരെ ശ്രദ്ധയിൽപ്പെടില്ല. കൂടാതെ, വഴിയോരക്കച്ചവടവും നിർമാണങ്ങളും കാരണം നടപ്പാതകളിൽ ഇടമില്ലാത്തതും പലരും തിരക്കേറിയ റോഡിന്റെ അരികുചേർന്നു നടക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
പ്രശ്നങ്ങൾ അറിയാൻ കാൽനടയാത്ര: നടപ്പാതകളുടെ അവസ്ഥ നേരിട്ടറിയാൻ സന്നദ്ധസംഘടനയായ ബാംഗ്ലൂർ വാക്കേഴ്സിന്റെ നേതൃത്വത്തിൽ ബയ്യപ്പനഹള്ളിയിൽ നിന്നു മജസ്റ്റിക് വരെ 21.1 കിലോമീറ്റർ കാൽനടയാത്ര നടത്തി. നൂറോളം പേർ പങ്കെടുത്തു.പലയിടത്തായി ഇവർ പത്തോളം കയ്യേറ്റങ്ങൾ കണ്ടെത്തി. നടപ്പാതകൾ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപട സ്വീകരിക്കണമെന്ന് സംഘം അഭിപ്രായപ്പെട്ടു. ബിബിഎംപി, ബിഎംആർസി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.