മാർച്ച് ഒന്നുമുതല്‍ 20 വരെ നടന്ന രണ്ടാം വർഷ പ്രീയൂനിവേഴ്സിറ്റി കോഴ്സ് (പി.യു.സി) ഫലം ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പ്രഖ്യാപിച്ചു.73.45 ആണ് സംസ്ഥാനത്തെ വിജയശതമാനം. വിജയിച്ചവരുടെ പട്ടിക പുറത്തുവിട്ട മന്ത്രി, പരാജയപ്പെട്ടവർക്ക് രണ്ട് അവസരംകൂടി അനുവദിക്കുമെന്ന് അറിയിച്ചു.ഈ വർഷം, 73.45 ശതമാനം വിദ്യാർഥികള്‍ പരീക്ഷ പാസായി. സംസ്ഥാനത്തൊട്ടാകെ 7,13,862 വിദ്യാർഥികള്‍ പരീക്ഷയെഴുതി. അവരില്‍ 3,35,468 ആണ്‍കുട്ടികളും 3,78,389 പെണ്‍കുട്ടികളും അഞ്ച് ട്രാൻസ്‌ജെൻഡർമാരുമാണ്. 18,845 വിദ്യാർഥികള്‍ 50 ശതമാനത്തില്‍ താഴെ മാർക്ക് നേടി. സയൻസില്‍ 82.54 ശതമാനം, ആർട്‌സില്‍ 53.29 ശതമാനം, കൊമേഴ്‌സില്‍ 76.07 ശതമാനം എന്നിങ്ങനെയാണ് വിജയം.
തീര ജില്ലകളായ ഉഡുപ്പിയും ദക്ഷിണ കന്നടയും സംസ്ഥാനത്ത് മികച്ചുനിന്നു.93.90 ശതമാനം വിജയത്തോടെ ഉഡുപ്പി സംസ്ഥാനത്ത് ഒന്നാമതും 93.57 ശതമാനം വിജയവുമായി ദക്ഷിണ കന്നട രണ്ടാമതുമെത്തി. 85.36 ശതമാനവുമായി ബംഗളൂരുവാണ് മൂന്നാമത്. യാദ്ഗിർ ജില്ലയാണ് ഏറ്റവും പിറകില്‍; 48.45 ശതമാനം. മംഗളൂരുവിലെ എക്സ്പെർട്ട് പി.യു കോളജിലെ അമൂല്യ കാമത്ത്, തീർഥഹള്ളി വാഗ്ദേവ് സ്കൂളിലെ ആർ. ദീക്ഷ എന്നിവർ സയൻസില്‍ 600 ല്‍ 599 സ്കോർ നേടി സംസ്ഥാന ഒന്നാം റാങ്ക് പങ്കിട്ടു.
കാനറ പി.യു കോളജിലെ ദീപശ്രീ 600 ല്‍ 599 സ്കോർ നേടി കൊമേഴ്‌സില്‍ സംസ്ഥാന ഒന്നാം റാങ്ക് നേടി. ആർട്‌സില്‍, ബെള്ളാരിയിലെ ഇന്ദു പി.യു കോളജിലെ സഞ്ജന ബായി 600 ല്‍ 597 സ്കോർ നേടി സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി. ബെള്ളാരിയിലെ കെ. നിമല ആർട്‌സില്‍ രണ്ടാം റാങ്ക് നേടി. സയൻസ് സ്ട്രീമില്‍ സംസ്ഥാനത്ത് അഞ്ചാം റാങ്ക് നേടിയ കനിയൂരിലെ എൻ. ശ്രീവിദ്യയാണ് ഗവ. പി.യു കോളജുകളില്‍ ഒന്നാമത്.