ബെംഗളൂരു: നഗരത്തിലെ തിരക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാക്കി ഭൂവുടമകളും കർഷകരും.പദ്ധതിക്കായി കൃഷിഭൂമി വിട്ടുനല്‍കില്ലെന്നും ഒരു മരം പോലും മുറിക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് നൂറുകണക്കിന് കർഷകർ കഴിഞ്ഞ ദിവസം (മരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള ‘അപ്പിക്കോ’ സമരത്തിന് തുടക്കമിട്ടു.ബെംഗളൂരു സൗത്ത് ജില്ലയിലെ ബൈരമംഗലക്ക് സമീപം നടന്ന പ്രതിഷേധത്തില്‍ കർഷകർ മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ഏകദേശം 15 ലക്ഷം മരങ്ങള്‍ നശിപ്പിക്കപ്പെടുമെന്ന് കർഷകർ ആരോപിച്ചു. ഒരു വശത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് വികസനത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് മരങ്ങള്‍ മുറിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും പ്രതിഷേധക്കാർ വിമർശിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ബിദാദി ടൗണ്‍ഷിപ്പിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ സമരം നടന്നുവരികയാണ്. തുടക്കത്തിലെ പ്രതിഷേധങ്ങള്‍ക്ക് വലിയ ശ്രദ്ധ ലഭിച്ചിരുന്നില്ലെങ്കിലും ടൗണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും സജീവമായതോടെ സമരവും പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.ബൈരമംഗല ജംഗ്ഷനില്‍ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കാണ് കർഷകർ പ്രതിഷേധ മാർച്ച് നടത്തിയത്. അവിടെ മരങ്ങളെ കെട്ടിപ്പിടിച്ചാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. “പ്രകൃതി ഞങ്ങളുടേതാണ്, ഞങ്ങളുടെ ഭാവിയും അതുതന്നെയാണ്” എന്ന സന്ദേശമുള്ള പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി.മരങ്ങള്‍ മുറിക്കാൻ അധികൃതർ ശ്രമിച്ചാല്‍ സ്വന്തം ശരീരംകൊണ്ട് അവയെ സംരക്ഷിക്കുമെന്നും കർഷകർ മുന്നറിയിപ്പ് നല്‍കി. വർഷങ്ങളായി സംരക്ഷിച്ചുവളർത്തിയ മരങ്ങള്‍ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും, മരങ്ങള്‍ വെട്ടണമെങ്കില്‍ ആദ്യം തങ്ങളെ മറികടക്കേണ്ടിവരുമെന്നും അവർ വ്യക്തമാക്കി. നിരവധി കർഷകർ പ്രതിഷേധത്തില്‍ പങ്കെടുത്തു.
കൃഷിഭൂമിയാണ് തങ്ങളുടെ ഉപജീവന മാർഗമെന്നും ഒരു കാരണവശാലും ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാടും കർഷകർ ആവർത്തിച്ചു. ഭൂമി ഏറ്റെടുക്കല്‍ മാത്രമല്ല, പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണവും ആവാസവ്യവസ്ഥയും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, വികസനത്തിനൊപ്പം പ്രകൃതിയെയും സംരക്ഷിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.ഇതോടെ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് ബിദാദിയിലെ ടൗണ്‍ഷിപ്പ്. ഇവിടെ ടൗണ്‍ഷിപ്പ് വന്നാല്‍ ബെംഗളൂരു നഗരത്തിലെ തിരക്കിന് ശമനം ആവുമെന്നും ഇവിടം കേന്ദ്രീകരിച്ച് വലിയ വികസന പ്രവർത്തനങ്ങള്‍ നടക്കുമെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാല്‍ കർഷകരും ഭൂവുടമകളും പദ്ധതിയെ തുടക്കം മുതല്‍ എതിർത്ത് വരികയാണ്.