ബെംഗളൂരിലെ മാദവാരയില്‍ നിന്നും തുംകൂരിലേക്ക് നമ്മ മെട്രോ നീട്ടുന്നത് സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി ഉപമുഖ്യമന്ത്രി ജി പരമേശ്വര.മെട്രോയുടെ പണികള്‍ ദേശീയ പാതയിലൂടെയാണ് നടത്തേണ്ടത് എന്നതിനാല്‍ ഇതിന് കേന്ദ്രത്തിൻ്റെ അംഗീകാരം വേണമെന്ന് അദ്ദേഹം പറഞ്ഞു. തുംകൂരില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം’ദേശീയപാതയിലൂടെയാണ് മെട്രോയുടെ നിർമ്മാണം മുഴുവൻ നടത്തേണ്ടത്. എന്നാല്‍ കേന്ദ്രഫണ്ടിനെ ആശ്രയിക്കാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ നിർമ്മാണം പൂർത്തിയാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം വാണിജ്യ സംരംഭങ്ങള്‍ ആരംഭിക്കാനായി സ്വകാര്യ പങ്കാളികള്‍ പ്രത്യേകം സ്ഥലം അനുവദിക്കും’, പരമേശ്വര വ്യക്തമാക്കി.
കർണാടകത്തിലെ ആദ്യ അന്തർ-ജില്ലാപാതയായിരിക്കും പദ്ധതി. 60 കിമി നീളുന്നതാണ് പദ്ധതി. 20,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്രീൻ ലൈനിൻ്റെ അവസാന ശേഷനായ മാദവാരയില്‍ നിന്നായിരിക്കും തുകുരുവിലേക്കുള്ള പാത ആരംഭികുക. ഇവിടെ നിന്ന് നെലമംഗല, ദബാസ്പേട്ട്, ക്യാതസന്ദ്ര വഴി തുംകൂരിലെത്തുന്ന വിധത്തിലായിരിക്കും പാത. 16 സ്റ്റേഷനുകളായിരിക്കും പാതയില്‍ ഉണ്ടാകുക. തുംകൂരു യൂണിവേഴ്സിറ്റി, സിദ്ധഗംഗ മെഡിക്കല്‍ കോളേജ്, തുംകൂരു ബസ് സ്റ്റാൻഡ്, സിറ ഗേറ്റ് എന്നിവിടങ്ങളിലായിരിക്കും മെട്രോ സ്റ്റേഷൻ തയ്യാറാക്കുക. പുതിയ മെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരിനും തുംകൂരിനും ഇടയിലുള്ള യാത്രാദൂരം ഒരു മണിക്കൂറായി കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.നെലമംഗല, ദബാസ്പേട്ട് പ്രദേശങ്ങളിലെ പാർപ്പിട, വ്യവസായ മേഖലകള്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തിലാണ് അന്തർസംസ്ഥാന മെട്രോ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.അതേസമയം തുംകുരു മെട്രോ പദ്ധതിക്കെതിരെ പ്രതിപക്ഷവും ഗതാഗത വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
തുംകൂരിലേക്ക് മെട്രോ നീട്ടുന്നതിന് പകരം സബർബൻ റെയില്‍ ശൃംഖലയ്ക്കും ആർ ആർ ടി എസിനുമാണ് റെയില്‍വെ മുൻഗണന നല്കേണ്ടതെന്നുമെന്നാണ് വിദഗ്ധർ ചൂണഅടിക്കാട്ടുന്നത്. തുംകൂരിലേക്ക് മെട്രോ നീട്ടുന്നത് യഥാർത്ഥത്തില്‍ നഗരാസൂത്രണ രംഗത്തെ ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്നാണ് ബിജെപി എംപിയായ തേജസി സൂര്യ വിമർശിച്ചത്.18,000 കോടിയോളം തുക മുടക്കി മെട്രോ നിർമ്മിക്കുന്നത് അർത്ഥശൂന്യമാണ്. അന്തർജില്ലാ യാത്രകള്‍ക്ക് ഉപയോഗിക്കാനാണ് സബർബൻ പദ്ധതികള്‍ പോലുള്ളവ നടപ്പാക്കിയിട്ടുള്ളത്. മാത്രമല്ല മെട്രോയുടെ നിർമ്മാണം പൂർത്തിയാക്കണമെങ്കില്‍ വർഷങ്ങളോളം എടുക്കുമെന്നും എംപി ചൂണ്ടിക്കാട്ടുന്നു. ദീർഘദൂര യാത്രകളില്‍ മെട്രോയുടെ ശരാശരി വേഗത മണിക്കൂറില്‍ വെറും 34 കിലോമീറ്റർ മാത്രമായിരിക്കുമെന്നും അതുകൊണ്ട ്തന്നെ ഈ യാത്ര ബസ് യാത്രക്ക് സമാനമായിരിക്കുമെന്നും തേജസ്വി പറയുന്നു.