തിരുവനന്തപുരം: ഓണം അവധിക്കുശേഷം ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് കേരളത്തില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ എയർലൈനുകള്‍ വൻതോതില്‍ വർധിപ്പിച്ചു.ഗള്‍ഫിലെ സ്കൂളുകള്‍ വേനലവധിക്കുശേഷം തുറക്കുന്നതും ഈ സമയത്താണ് എന്നത് യാത്രാതിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കാൻ ലക്ഷ്യമിടുകയാണ് വിമാനകമ്പനികള്‍.ഓണം അവധിക്കുശേഷം പ്രത്യേകിച്ച് ഓഗസ്റ്റ് അവസാനവാരത്തില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകളുടെ നിരക്ക് സാധാരണ നിരക്കിന്റെ 10 മുതല്‍ 15 ഇരട്ടിവരെയാണ് ഉയർന്നത്.
ഇതോടെ ഓഗസ്റ്റ് 30-ന് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ഒരു സാധാരണ ടിക്കറ്റിന് 80,000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് നല്‍കേണ്ടി വരുന്നത്. നിലവിലെ യുദ്ധ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ വിമാന ടിക്കറ്റഅ നിരക്കുകള്‍ കൂടുതലാണ്.സാധാരണ 6000 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ ഇത് അഞ്ചിരട്ടിവരെ ഉയർന്നു. ഇതിനു പുറമെയാണ് ഓണം പ്രമാണിച്ചുള്ള വർധന. എന്നാല്‍, ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകളില്‍ വർധന ഉണ്ടായിട്ടില്ല.ഓണാവധിയും സ്കൂള്‍ അവധിയും ഒരുമിച്ച് വരുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാർ കൂടുമെന്ന് മുന്നില്‍ കണ്ടാണ് വിമാനക്കമ്പനികളുടെ ഈ നീക്കം. അതേസമയം ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വരാൻ ഇത്ര ചെലവില്ല.
12000 രൂപ മുതല്‍ 22000 രൂപവരെയാണ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.ഉത്സവ സീസണിന്റെ തിരക്ക് മുതലെടുത്ത് വൻ ലാഭം കൊയ്യാനാണ് എയർലൈനുകളുടെ രഹസ്യ നീക്കമെന്ന് കേരള അസോസിയേഷൻ ഓഫ് ട്രാവല്‍ ഏജന്റ്സ് പ്രസിഡന്റ് കെ.വി. മുരളീധരൻ ആരോപിച്ചു. കേരളത്തില്‍ നിന്നുള്ള നിരക്കുകള്‍ അത്രയധികം ഉയർന്നുനില്ക്കുമ്പോള്, ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള പശ്ചിമേഷ്യൻ റൂട്ടുകളിലെ നിരക്ക് കേരളത്തേക്കാള്‍ 40 ശതമാനത്തോളം കുറവാണ്. യാത്രക്കാരെ കൊള്ളയടിക്കുന്ന എയർലൈനുകളുടെ നടപടി തടയാൻ സംസ്ഥാന സർക്കാരും എം.പിമാരും കേന്ദ്രമേലില് സമ്മർദ്ദം ചെലുത്തണമെന്ന് അസോസിയേഷൻ ജനറല്‍ സെക്രട്ടറി വിക്ടർ ഫെർണാണ്ടസ് ആവശ്യപ്പെട്ടു.