കായലിലേക്കു മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പിന്നണി ഗായകന്‍ എംജി ശ്രീകുമാറിന് പിഴ. കൊച്ചി കായലിലേക്കാണ് മാലിന്യം എറിഞ്ഞത്.പിഴയായി 25,000 രൂപ അടയ്ക്കാന്‍ മുളവുകാട് പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് നല്‍കിയത്. മുളവുകാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ നിന്നാണ് മാലിന്യം പൊതിഞ്ഞ് കായലിലേക്ക് എറിഞ്ഞത്. ഇത് അവിടെയുണ്ടായിരുന്ന ഒരു വിനോദസഞ്ചാരി വീഡിയോയില്‍ പകര്‍ത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം എറിഞ്ഞതെന്ന് വ്യക്തമായത്.
വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ചാണ് മുളവുകാട് പഞ്ചായത്ത് ഇക്കാര്യം സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. അതേസമയം, എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ഇതു ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. സംഭവം പരാതിയായതോടെ എംജി ശ്രീകുമാര്‍ കഴിഞ്ഞ ദിവസം 25,000 രൂപ പിഴ പിഴ ഒടുക്കി.സമൂഹ മാധ്യമത്തിലൂടെ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്താണ് വിനോദസഞ്ചാരി വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം മന്ത്രിയുടെ ശ്രദ്ധയിലും എത്തി.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള സര്‍ക്കാരിന്റെ വാട്‌സ്‌ആപ് നമ്ബറിലേക്ക് (94467 00800) തെളിവു സഹിതം പരാതി നല്‍കിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.വിനോദസഞ്ചാരിയുടെ വീഡിയോ ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം പിഴ അടയ്ക്കാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ എംബി രാജേഷ് തന്നെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. പിഴ അടച്ച് കഴിയുമ്ബോള്‍ ഈ വിവരം തെളിവ് സഹിതം നല്‍കിയ ആള്‍ക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ പലവിധ ബോധവല്‍കരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നത് നിര്‍ബാധം തുടരുകയാണ്. ഇങ്ങനെ മാലിന്യം വലിച്ചെറിയുന്നതിന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ പഞ്ചായത്തിനും മുനിസിപ്പാലിറ്റി അധികൃതര്‍ക്കും അധികാരമുണ്ട്.മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വിഡിയോയോ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന വാട്‌സ്‌ആപ് നമ്ബറിലേക്ക് അയയ്ക്കാം. ആളെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലോ വണ്ടി നമ്ബര്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്. ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാല്‍ അതില്‍ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കും.