Home കർണാടക ഓണം വരാൻ ഇനിയും രണ്ട് മാസം; ട്രെയിൻ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കകം തീര്‍ന്നു, നാടണയാൻ മലയാളികളുടെ വൻ തിരക്ക്

ഓണം വരാൻ ഇനിയും രണ്ട് മാസം; ട്രെയിൻ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കകം തീര്‍ന്നു, നാടണയാൻ മലയാളികളുടെ വൻ തിരക്ക്

by ടാർസ്യുസ്

ബെംഗളൂരു: ഓണമാഘോഷിക്കാൻ നാട്ടിലെത്താനുള്ള മലയാളികളുടെ ഒരുക്കങ്ങള്‍ ഇത്തവണയും നേരത്തെ തുടങ്ങി. തിരുവോണത്തിന് ഇനിയും രണ്ട് മാസം ബാക്കിയിരിക്കെ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകള്‍ ബുക്കിങ് ആരംഭിച്ച്‌ മിനിറ്റുകള്‍ക്കകം വിറ്റുതീർന്നത് വൻ യാത്രാ തിരക്കിന്റെ സൂചനയായി.ബെംഗളൂരുവിലും ചെന്നൈയിലും നിന്നുള്ള പ്രധാന ട്രെയിനുകളില്‍ ഓഗസ്റ്റ് 21-നുള്ള ടിക്കറ്റുകള്‍ ഇതിനോടകം വെയ്റ്റ് ലിസ്റ്റിലേക്കും ആർഎസിയിലേക്കും മാറിയിരിക്കുകയാണ്.ഈ വർഷം ഓഗസ്റ്റ് 26-നാണ് തിരുവോണം.

ഉത്രാടവും തിരുവോണവും ചൊവ്വ, ബുധൻ ദിവസങ്ങളിലായതിനാല്‍ മുൻപുള്ള വെള്ളിയാഴ്ചയായ ഓഗസ്റ്റ് 21-നാണ് കൂടുതല്‍ പ്രവാസി മലയാളികളും ഐടി ജീവനക്കാരും നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നത്. ഇതോടെയാണ് റിസർവേഷൻ ആരംഭിച്ച ഉടൻ തന്നെ ടിക്കറ്റുകള്‍ക്കായി വൻ തിരക്ക് അനുഭവപ്പെട്ടത്.ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കെഎസ്‌ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ്, മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ സീറ്റുകള്‍ അതിവേഗം നിറഞ്ഞു. ചില ട്രെയിനുകളില്‍ വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ റിസർവേഷൻ താല്‍ക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.ചെന്നൈയില്‍ നിന്നുള്ള തിരുവനന്തപുരം, ആലപ്പുഴ, ഗുരുവായൂർ റൂട്ടുകളിലെ ട്രെയിനുകളിലും സമാന അവസ്ഥയാണ്. ബുക്കിങ് ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പല ട്രെയിനുകളിലും കണ്‍ഫേം ടിക്കറ്റുകള്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്.

സ്ലീപ്പർ, തേഡ് എസി, സെക്കൻഡ് എസി കോച്ചുകളിലെ വെയ്റ്റ് ലിസ്റ്റ് നൂറ് കടന്ന ട്രെയിനുകളും നിരവധിയാണ്.ട്രെയിനുകളില്‍ സീറ്റുകള്‍ വേഗത്തില്‍ തീരുന്ന സാഹചര്യത്തില്‍ വിമാന, സ്വകാര്യ ബസ് സർവീസുകളിലേക്കും യാത്രക്കാർ തിരിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഓണ സീസണിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിരിക്കുകയാണ്. അതേസമയം കേരള, കർണാടക ആർടിസി സർവീസുകളിലെ ബുക്കിങ് ജൂലൈ അവസാന വാരത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.ഓണം ആഘോഷിക്കാൻ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ കഴിയുന്നത്ര വേഗത്തില്‍ ടിക്കറ്റുകള്‍ ഉറപ്പാക്കണമെന്നാണ് യാത്രാ മേഖലയിലെ വിദഗ്ധരുടെ നിർദേശം. മുൻവർഷങ്ങളിലേതുപോലെ അവസാന നിമിഷങ്ങളില്‍ ടിക്കറ്റിനായി കാത്തിരിക്കുന്നവർക്ക് ഇത്തവണയും നിരാശ നേരിടേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group