Home കർണാടക ബെംഗളൂരു – തുമക്കൂരു റൂട്ടില്‍ ട്രെയിനുകള്‍ കുതിക്കും; നാല് ട്രാക്കുകള്‍ സജ്ജമാക്കും, നടപടി വേഗത്തിലെന്ന് റെയില്‍വേ സഹമന്ത്രി

ബെംഗളൂരു – തുമക്കൂരു റൂട്ടില്‍ ട്രെയിനുകള്‍ കുതിക്കും; നാല് ട്രാക്കുകള്‍ സജ്ജമാക്കും, നടപടി വേഗത്തിലെന്ന് റെയില്‍വേ സഹമന്ത്രി

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനും തുമക്കൂരുവിനും ഇടയിലെ ഗതാഗത്തിരക്ക് പരിഹരിക്കുന്നതിനായുള്ള ക്വാഡ്രപ്പിള്‍ റെയില്‍‌വേ ലൈൻ നിർമാണത്തിൻ്റെ തയാറെടുപ്പുകള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ സഹമന്ത്രി വി സോമണ്ണ.6,000 കോടി രൂപയുടെ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ ആറ് മാസത്തിനുള്ളില്‍ ആരംഭിക്കും. പദ്ധതിക്കായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി. ഡിപിആർ സാങ്കേതിക സമിതിയിലും പാസാക്കി. തുടർന്ന് പദ്ധതി മന്ത്രിസഭയ്ക്കും നീതി ആയോഗ് കമ്മീഷനും കൈമാറും. അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.ഒരു റെയില്‍വേ റൂട്ടില്‍ ഒരേ ദിശയിലോ അല്ലെങ്കില്‍ രണ്ട് ദിശകളിലേക്കോ ആയി നാല് ട്രാക്കുകള്‍ (വരികള്‍) ഒരേസമയം സമാന്തരമായി ഉണ്ടാകുന്ന സംവിധാനത്തെയാണ് ക്വാഡ്രപ്പിള്‍ റെയില്‍‌വേ ലൈൻ എന്ന് പറയുന്നത്.

ക്വാഡ്രപ്പിള്‍ റെയില്‍‌വേ ലൈൻ നിർമാണത്തിനായി ഭൂമി കണ്ടെത്തല്‍ നടപടികള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. അടുത്ത അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കും.”ബെംഗളൂരു മുതല്‍ തുമക്കൂരുവരെ മെട്രോ പാത നാലുവരിയായി മാറാൻ പോകുന്നു. ബെംഗളൂരു മുതല്‍ തുമകൂരു വരെ മെട്രോ പാത നീട്ടാൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര ആഗ്രഹിക്കുന്നുണ്ട്. അതിന് ഞങ്ങള്‍ അതിന് പൂർണമായും തയ്യാറാണ്. ബെംഗളൂരുവുമായി യോജിച്ച്‌ ഏതെങ്കിലും നഗരം വികസിപ്പിക്കാൻ സാധ്യതയുണ്ടെങ്കില്‍ തുമകൂരു മാത്രമാണ്. പദ്ധതി പൂർത്തിയാകുമ്പോള്‍ നാല് ട്രാക്ക് റെയില്‍വേ ഇടനാഴി എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകള്‍ക്ക് സിഗ്നലുകള്‍ക്കോ ക്രോസിങ് ക്ലിയറൻസുകള്‍ക്കോ കാത്തിരിക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കും” – എന്ന് സഹമന്ത്രി വി സോമണ്ണ പറഞ്ഞു.ക്വാഡ്രപ്പിള്‍ റെയില്‍‌വേ ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ ബെംഗളൂരു മുതല്‍ തുമക്കൂരുവരെയുള്ള യാത്രാ സമയം പകുതിയോളം കുറയും.

പദ്ധതി റെയില്‍ കണക്റ്റിവിറ്റി വർധിപ്പിക്കുകയും കർണാടകയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ ഇടനാഴികളില്‍ ഒന്നിലെ തിരക്ക് ലഘൂകരിക്കുകയും ചെയ്യും. തൊഴില്‍, വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങള്‍ക്കായി തുമക്കൂരു മുതല്‍ ബെംഗളൂരുവരെ ദിവസേന ട്രെയിനില്‍ യാത്ര ചെയ്യുന്നവർക്ക് പദ്ധതി നേട്ടമാകും. ബെംഗളൂരുവില്‍ നിന്ന് 68 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭാഗമാണ് തുമക്കൂരു.തിരക്കേറിയ സബ് – അർബൻ ട്രാൻസിറ്റ് കോറിഡോറിന്റെ ഉപയോഗക്ഷമതയും ശേഷിയും ഗണ്യമായി വർധിപ്പിക്കുന്നതിനാണ് ക്വാഡ്രപ്പിള്‍ പദ്ധതി ലക്ഷ്യമിടുന്നത്. നിലവിലുള്ള ട്രാക്കുകള്‍ ഇരട്ടിയാക്കുന്നതിലൂടെ റെയില്‍വേ ശൃംഖല വ്യാപിക്കാനാകും. പദ്ധതി പൂർത്തിയാകുമ്പോള്‍ യാത്രാ സമയം കുറയും. ഇതോടെ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരും.

You may also like

error: Content is protected !!
Join Our WhatsApp Group