ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക്, ബ്ലൂ ലൈനുകളുടെ സമയപരിധി വീണ്ടും നീട്ടി. പിങ്ക് ലൈനിന്റെ എലിവേറ്റഡ് ഭാഗം (ഉയരപ്പാത) ഓഗസ്റ്റിലേക്കും, ഭൂഗര്‍ഭ ഭാഗം 2027 മാര്‍ച്ചിലേക്കും, ബ്ലൂ ലൈന്‍ പാതകള്‍ 2027 വരെയുമാണ് നീട്ടിയത്.ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡുമായുള്ള (BMRCL) അവലോകന യോഗത്തിന് ശേഷം നഗര വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.മുന്‍പ് പ്രഖ്യാപിച്ച സമയപരിധി പാലിക്കുന്നതിലെ വീഴ്ചയാണ് കാലവിളംബത്തിലൂടെ വ്യക്തമാകുന്നത്. ഇത് വിവിധ പാതകള്‍ പൂര്ത്തീകരിക്കപ്പെടാനായി കാത്തിരിക്കുന്ന ബെംഗളൂരു നിവാസികളെ സംബന്ധിച്ച് അത്രമേല്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണ്.കലേന അഗ്രഹാര മുതല്‍ താവരെക്കരെ വരെയുള്ള പിങ്ക് ലൈനിന്റെ എലിവേറ്റഡ് സ്ട്രെച്ച് ഓഗസ്റ്റ് 15 നകം തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
നാഗവാര വരെയുള്ള ഭൂഗര്‍ഭ ഭാഗം 2027 മാര്‍ച്ചിലാണ് പൂര്‍ത്തിയാക്കാനാവുക.കെആര്‍ പുരം മുതല്‍ എച്ച്.എസ്.ആര്. ലേഔട്ട് വരെയുള്ള ബ്ലൂ ലൈനില്‍ പരീക്ഷണ ഓട്ടം 2026 ഒക്ടോബറില്‍ ആരംഭിക്കും. ഹെബ്ബാള്‍-എയര്‍പോര്‍ട്ട് ഭാഗം 2027 ജൂണില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും കെ.ആര്. പുര-ഹെബ്ബാള്‍ പാത 2027 ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.സമയപരിധി പാലിക്കുന്നതില്‍ BMRCLല്‍ പരാജയപ്പെടുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പുതിയ സമയപരിധികളോടെ 2028 ആകുമ്പോഴേക്കും മൊത്തം പ്രവര്‍ത്തനക്ഷമമായ മെട്രോ ശൃംഖല 175 കിലോമീറ്ററായി വികസിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.മൂന്നാം ഘട്ട (ഓറഞ്ച് ലൈന്‍) ഡബിള്‍ ഡക്കര്‍ ഇടനാഴി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തുടര്‍ന്ന് BMRCL ടെന്‍ഡര്‍ പ്രക്രിയ ആരംഭിക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.’മെട്രോ ഏജന്‍സികള്‍ക്ക് ഗണ്യമായ തോതില്‍ സ്വയംഭരണാവകാശമുണ്ട്. എന്നാല്‍ അതോടൊപ്പം ഉത്തരവാദിത്തവും ഉണ്ടായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു പദ്ധതിക്ക് ഒന്നോ രണ്ടോ വര്‍ഷമൊക്കെ കാലതാമസമുണ്ടാകുന്നത് അംഗീകരിക്കാനാകില്ല.
ആ സംസ്കാരം മാറണം. എഞ്ചിനീയറിങ്ങാണ് അടിസ്ഥാന പ്രവൃത്തി.ഒന്നും അസാധ്യമല്ല, യോജിച്ചുള്ള പരിശ്രമം, ഏകോപനം, സാധ്യമാകുന്നിടത്തെല്ലാം സമാന്തര നിര്‍വഹണം എന്നിവ ആവശ്യമാണ്. എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത് നിര്‍ത്തണം, പകരം പരിഹാരങ്ങള്‍ കണ്ടെത്തണം.കൂടാതെ സിസ്റ്റം ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും അവരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കുകയും അവര്‍ക്കുള്ള സേവനത്തിന് മുന്‍ഗണന നല്‍കുകയും ജോലിയുടെ വേഗത മെച്ചപ്പെടുത്തുകയും വേണം’ – മന്ത്രി പറഞ്ഞു.മികച്ച വര്‍ക്ക് സൈറ്റ് മാനേജ്മെന്റിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ബൈരെ ഗൗഡ, ഗതാഗതക്കുരുക്കും പൊതുജനങ്ങള്‍ക്കുള്ള അസൗകര്യവും കുറയ്ക്കുന്നതിനായി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ ഭൂമി മാത്രം കൈവശം വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ BMRCL ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
മെട്രോ വര്‍ക്ക് സൈറ്റുകള്‍ക്ക് ചുറ്റും ശുചിത്വം പാലിക്കാനും, ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജന രീതികള്‍ സ്വീകരിക്കാനും, ഹൗസ് കീപ്പിങ് നിലവാരം മെച്ചപ്പെടുത്താനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്കി.ബെംഗളൂരു നമ്മ മെട്രോ (BMRCL)83 സ്റ്റേഷനുകളുള്ള ബെംഗളൂരു നമ്മ മെട്രോയുടെ ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലായി 62 ട്രെയിനുകളാണ് ഓടുന്നത്. പ്രതിദിനം ശരാശരി 10 ലക്ഷം യാത്രക്കാര്‍ നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നുമുണ്ട്.വിവിധ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങളും പുതിയ പാതകള്‍ക്കായുള്ള പ്രവൃത്തികളും ഊര്‍ജിതമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നു. 2011 ലാണ് നമ്മ മെട്രോ പ്രയാണമാരംഭിച്ചത്.ബയപ്പനഹള്ളി, എംജി റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ 7 കിലോമീറ്റര്‍ പാതയുമായായിരുന്നു തുടക്കം. തുടര്‍ന്ന് 15 വര്‍ഷത്തിനിടെ 89 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ച് നിലവിലെ 96 കിലോ മീറ്ററില്‍ എത്തുകയും ചെയ്തു.