Home കർണാടക ബെംഗളൂരു കെആര്‍ പുര-സില്‍ക്ക് ബോര്‍ഡ് മെട്രോ ഒക്ടോബറില്‍ പരീക്ഷണ ഓട്ടത്തിലേക്ക്; മുഴുവൻ പൂര്‍ത്തിയാവില്ല

ബെംഗളൂരു കെആര്‍ പുര-സില്‍ക്ക് ബോര്‍ഡ് മെട്രോ ഒക്ടോബറില്‍ പരീക്ഷണ ഓട്ടത്തിലേക്ക്; മുഴുവൻ പൂര്‍ത്തിയാവില്ല

by ടാർസ്യുസ്

ബെംഗളൂരു: നഗരവാസികള്‍ ഏറെക്കാലമായി കാത്തിരുന്ന കെആർ പുര മുതല്‍ സില്‍ക്ക് ബോർഡ് വരെയുള്ള 19 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാത ഒക്ടോബറില്‍ പരീക്ഷണ ഓട്ടത്തിലേക്ക് കടന്നേക്കും.ബെംഗളൂരു വികസനകാര്യ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ അറിയിച്ചു. ഔട്ടർ റിംഗ് റോഡിലൂടെ കടന്നുപോകുന്ന ഫേസ് 2എ പദ്ധതിയുടെ ഭാഗമായ ഈ പാതയുടെ നിർമ്മാണം അവസാനഘട്ടത്തിലാണെങ്കിലും മൂന്ന് നിർണായക ഇടങ്ങളില്‍ ജോലികള്‍ ഇപ്പോഴും വൈകുകയാണ്.’ഈ ഭാഗങ്ങളിലെ ജോലികള്‍ വേഗത്തിലാക്കി ഒക്ടോബറില്‍ ട്രയല്‍ റണ്‍ ആരംഭിക്കണമെന്ന് വ്യക്തമായ നിർദേശം നല്‍കിയിട്ടുണ്ട്. അതിന് ശേഷം വാണിജ്യ സർവീസ് ആരംഭിക്കുന്നതിന് ആവശ്യമായ നിയമപരമായ അനുമതികള്‍ ലഭിക്കാൻ അഞ്ച് മുതല്‍ ആറ് മാസം വരെ വേണ്ടിവരും’; നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം മന്ത്രി പറഞ്ഞു.

എന്നാല്‍ കെആർ പുര മുതല്‍ സില്‍ക്ക് ബോർഡ് വരെയുള്ള മുഴുവൻ ഭാഗവും ഒക്ടോബറോടെ പരീക്ഷണ ഓട്ടത്തിന് തയ്യാറാകാൻ സാധ്യതയില്ലെന്നാണ് വിവരം. പ്രത്യേകിച്ച്‌ മറത്തഹള്ളിയിലെ സിവില്‍ നിർമ്മാണത്തിലെ കാലതാമസം കാരണം, റിസർച്ച്‌ ഡിസൈൻസ് ആൻഡ് സ്‌റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്‌ഒ) നടത്തുന്ന ഓസിലേഷൻ ട്രയല്‍ ആദ്യഘട്ടത്തില്‍ കെആർ പുര-മറത്തഹള്ളി ഭാഗത്ത് മാത്രമായി നടത്താനാണ് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് ആലോചിക്കുന്നത്.ഇതിനിടെ ബ്ലൂ ലൈനിനായി ബിഇഎംഎല്‍ നിർമ്മിച്ച ട്രെയിൻ സെറ്റുകള്‍ ബിഎംആർസിഎല്ലിന് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ബിഎംആർസിഎല്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, ബൈയപ്പനഹള്ളി ഡിപ്പോ കണക്റ്റിവിറ്റി, മറത്തഹള്ളി, ഇബ്ലൂർ, സില്‍ക്ക് ബോർഡ് എന്നിവിടങ്ങളിലെ നിർമാണ പുരോഗതിയാണ് ഈ പാത എപ്പോള്‍ പ്രവർത്തനക്ഷമമാകുമെന്ന് നിർണയിക്കുക.മറത്തഹള്ളിയില്‍ ഗിർഡർ സ്ഥാപിക്കല്‍ മാർച്ചില്‍ പൂർത്തിയായെങ്കിലും അതിന് ശേഷമുള്ള നിരവധി ജോലികള്‍ ഇപ്പോഴും തുടരുകയാണ്. കലേന അഗ്രഹാര-തവരേക്കരെ വരെയുള്ള ഏഴ് കിലോമീറ്റർ എലിവേറ്റഡ് പാതയുള്ള പിങ്ക് ലൈനിന് മന്ത്രി പുതിയ സമയപരിധിയും നിശ്ചയിച്ചു. ഈ പാത പലതവണ വൈകിയിട്ടുണ്ട്.

ഓഗസ്‌റ്റ് 15-നകം ഈ ലൈൻ പ്രവർത്തനക്ഷമമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.അതേസമയം, തവരേക്കരെ-നാഗവാര വരെയുള്ള 13.7 കിലോമീറ്റർ ഭൂഗർഭ പാത 2027 മാർച്ചില്‍ മാത്രമേ പ്രവർത്തനക്ഷമമാകാൻ സാധ്യതയുള്ളൂ. ബിഎംആർസിഎല്ലിന്റെ മുൻലക്ഷ്യം 2026 ഡിസംബറായിരുന്നു. സ്‌റ്റേഷൻ നിർമ്മാണം ഏറെക്കുറെ പൂർത്തിയായെങ്കിലും ട്രാക്ക് സ്ഥാപിക്കല്‍, സിഗ്നലിംഗ്, പരീക്ഷണ ഓട്ടം എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.മറ്റ് പദ്ധതികളെക്കുറിച്ച്‌ മന്ത്രി നല്‍കിയ വിവരമനുസരിച്ച്‌, ഹെബ്ബാളില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 26 കിലോമീറ്റർ മെട്രോ പാത 2027 പകുതിയോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കെആർ പുര-ഹെബ്ബാള്‍ ഭാഗം 2027 ഡിസംബറോടെ തുറക്കാനും സാധ്യതയുണ്ട്.സില്‍ക്ക് ബോർഡില്‍ നിന്ന് വിമാനത്താവളം വരെ നീളുന്ന 58 കിലോമീറ്റർ ദൈർഘ്യമുള്ള ഫേസ് 2എ, 2ബി ശൃംഖല പൂർണമായും പ്രവർത്തനക്ഷമമായാല്‍, 2028 മാർച്ചോടെ ബെംഗളൂരുവിലെ മെട്രോ ശൃംഖല ഏകദേശം 175 കിലോമീറ്ററായി മാറും. സർജാപുര-ഹെബ്ബാള്‍ ബന്ധിപ്പിക്കുന്ന ഫേസ് 3A പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group