കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു വീഡിയോയുണ്ട്. മണിയറ പോലെ ഒരുക്കിയ ഒരു എസി കോച്ചിന്റേതായിരുന്നു ആ വീഡിയോ.സംഗതി ഒരേസമയം പുകഴ്ത്തപ്പെടുകയും ട്രെയിനില്‍ ഇത് അനുവദനീയമാണോ എന്ന് ചോദിച്ച് വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ, ഇന്ത്യൻ റെയില്‍വേ നടപടിയും എടുത്തു. എന്നാല്‍, ഇപ്പോഴിതാ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഓടുന്ന ട്രെയിനിന്റെ കോച്ചിനുള്ളില്‍ പൂജാ കർമ്മങ്ങള്‍ നടത്തുന്ന വീഡിയോയാണ് ഇത്തവണ പുറത്തുവന്നത്.എക്സ്(ട്വിറ്റർ)ല്‍ പ്രചരിച്ച വീഡിയോയില്‍, വെള്ള വസ്ത്രം ധരിച്ച ഭക്തർക്കൊപ്പം ഒരു പൂജാരി കോച്ചിന്റെ തറയിലിരുന്ന് പൂജ നടത്തുന്നതാണ് കാണുന്നത്. ഓടുന്ന ട്രെയിനിനുള്ളില്‍ ഇത്തരം ചടങ്ങുകള്‍ നടത്താൻ അനുമതിയുണ്ടോ എന്ന ചോദ്യവുമായി നിരവധിപ്പേർ രംഗത്തെത്തിയതോടെ നോർത്തേണ്‍ റെയില്‍വേ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.വൈറലായ പൂജ നടന്നത് സാധാരണ പാസഞ്ചർ കോച്ചിലല്ല, മറിച്ച് ഐആർസിടിസി വഴി ഒരു സ്വകാര്യ വ്യക്തി ബുക്ക് ചെയ്ത പ്രത്യേക സലൂണ്‍ കാറിനുള്ളിലാണ് എന്നാണ് റെയില്‍വേ അധികൃതർ വ്യക്തമാക്കിയത്.
ഉന്നത ഉദ്യോഗസ്ഥർക്കും വിഐപികള്‍ക്കും യാത്ര ചെയ്യാൻ സൗകര്യമുള്ള, എയർകണ്ടീഷണർ ഘടിപ്പിച്ച കിടപ്പുമുറികള്‍, അടുക്കള, ലിവിംഗ് റൂം, ഡൈനിംഗ് റൂം, അറ്റാച്ച്ഡ് ബാത്ത്റൂമുകള്‍ എന്നിവയൊക്കെയുള്ള അത്യാധുനിക ആഡംബര റെയില്‍വേ കോച്ചുകളാണ് സലൂണ്‍ കാറുകള്‍.3 ലക്ഷത്തിലധികം രൂപ (3,08,580) അഡ്വാൻസ് നല്കിയാണത്രെ ഒരു സ്വകാര്യ സംഘം ഈ ബുക്കിംഗ് നടത്തിയത്. 2026 ജൂലൈ 10 -ന് ന്യൂഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് സർവീസ് നടത്തിയ ട്രെയിൻ നമ്പർ 12926 പശ്ചിം എക്സ്പ്രസിലാണ് ഈ സലൂണ്‍ കാർ ഘടിപ്പിച്ചിരുന്നത്.അതേസമയം, യാത്രക്കാരുടെ സുരക്ഷയിലോ, കൃത്യനിഷ്ഠയുടെ കാര്യത്തിലോ ഒന്നും വിട്ടുവീഴ്ചയില്ലെന്നാണ് റെയില്‍വേ പറയുന്നത്. അവ ഉറപ്പാക്കുക എന്നതാണ് റെയില്‍വേയുടെ പ്രാഥമിക ചുമതല. അതില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നും നോർത്തേണ്‍ റെയില്‍വേ എക്സിലൂടെ അറിയിച്ചു. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നും, സ്വകാര്യമായി ബുക്ക് ചെയ്ത കോച്ചിനുള്ളില്‍ നടന്ന ചടങ്ങിന്റെ ഭാഗമായിരുന്നു വീഡിയോയില്‍ കണ്ട പൂജ എന്നും റെയില്‍വേ കൂട്ടിച്ചേർത്തു.